കർഷകജ്വാല തെളിച്ച് കത്തോലിക്ക കോൺഗ്രസ്
കാഞ്ഞിരപ്പള്ളി: കർഷക ബില്ലിനെതിരേ ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതിയുടെ നേതൃത്വത്തിൽ ദേശീയ കർഷകദിനത്തിൽ കാഞ്ഞിരപ്പള്ളിയിൽ കർഷകജ്വാല തെളിച്ചു.
രാജ്യത്ത് കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നാമമാത്ര ആനുകൂല്യങ്ങൾ പോലും കവർന്നെടുത്ത് കർഷകരെ പെരുവഴിയിലാക്കുന്ന കേന്ദ്രസർക്കാരിന്റെ കരിനിയമങ്ങൾ പിൻവലിക്കണമെന്ന് രൂപത സമിതി ആവശ്യപ്പെട്ടു. രാജ്യത്തെ പൊതുവിതരണ സന്പ്രദായത്തെ പാടെ തകർത്ത് അവശ്യവസ്തുക്കളുടെ ഉത്പാദന, സംഭരണ വിതരണ ശൃംഖല വൻകിട കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്ന നടപടി ഉപേക്ഷിക്കണം.
കത്തോലിക്ക കോൺഗ്രസ് കർഷകഫോറം രൂപത കോഓർഡിനേറ്റർ സണ്ണിക്കുട്ടി അഴകന്പ്രായിലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ജ്വാല ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജോമി കൊച്ചുപറന്പിൽ ആമുഖ സന്ദേശം നൽകി. ജനറൽ സെക്രട്ടറി റെജി കൊച്ചുകരിപ്പാപ്പറന്പിൽ, ജെയിംസ് പെരുമാകുന്നേൽ, ജോജോ തെക്കുംചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, ആൻസി പുന്നമറ്റത്തിൽ, ജോസ് മടുക്കക്കുഴി, ചാക്കോച്ചൻ വെട്ടിക്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.