കോരുത്തോട്ടിൽ നാടുകാണാനിറങ്ങിയ ഈനാംപേച്ചി ‘വലയില്‍’ കുടുങ്ങി (വീഡിയോ)
August 24, 2019
കോരുത്തോട് : വനങ്ങളിൽ പോലും വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഈനാംപേച്ചി എന്ന പേരിൽ അറിയപ്പെടുന്ന ജീവി കോരുത്തോട്ടിൽ നാട്ടിലിറങ്ങിയപ്പോൾ വലയിൽ കുടുങ്ങി. കോരുത്തോട് ചണ്ണപ്ലാവ് പുളിക്കൽ വിജയന്റെ പുരയിടത്തിൽ എത്തിയ ഈനാംപേച്ചി, കോഴികൾക്ക് സംരക്ഷണമൊരുക്കിയിരുന്ന വലയിൽ കുരുങ്ങുകയായിരുന്നു .
രാവിലെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ഈനാംപേച്ചിയെ കാണുവാൻ അറിഞ്ഞും കേട്ടും നാടൊഴുകിയെത്തി. വാർഡ് മെമ്പർ ജോജോ പാമ്പാടത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വിവരം വനം വകുപ്പിൽ അറിയിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരായ ഉദയകുമാർ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഈനാംപേച്ചിയെ വലയിൽ നിന്നും മോചിപ്പിച്ചു . അത്യപൂർവ ജീവിയായ ഈനാംപേച്ചിയെ ഏറ്റെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ തിരികെ വനത്തിൽ സുരക്ഷിതമായി വിടുന്നതിനായി കൊണ്ടുപോയി.
വനത്തില്‍ പോലും വളരെ അപൂര്‍വ്വമായി കാണുന്ന ജീവിയാണ് ഈനാംപേച്ചി എന്ന ഉറുമ്പുതീനി. നാട്ടിന്‍പുറങ്ങളളില്‍ ഇവ എത്തുന്നതും വളരെ അപൂര്‍വ്വമാണ്. ഉറുമ്പ്, ചിതല്‍, ചില പഴങ്ങള്‍ എന്നിവയാണ് ഇഷ്ട ഭക്ഷണങ്ങള്‍. ശരീരത്തില്‍ കട്ടിയുള്ള ശല്‍ക്കങ്ങളുള്ള ഇവ ശത്രുക്കളെ കാണുമ്പോള്‍ ചുരുണ്ടുകൂടി പന്തുപോലെയാകും.