കോട്ടയം ജില്ലയിൽ ഓരോ വർഷവും പാമ്പുകടി കൂടുന്നു; കണക്കുകൾ ഇങ്ങനെ

2020ൽ 239 പേർ പാമ്പുകടിയേറ്റു, ചികിത്സ തേടിയപ്പോൾ 2019ൽ 171 പേർക്കും 2018ൽ 52 പേർക്കും പാമ്പുകടിയേറ്റു

കോട്ടയം ∙ ജില്ലയിൽ ഓരോ വർഷവും പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ വർഷം പാമ്പുകടിയേറ്റത് 307 പേർക്കാണ്. 2020ൽ 239 പേർ പാമ്പുകടിയേറ്റു ചികിത്സ തേടിയപ്പോൾ 2019ൽ 171 പേർക്കും 2018ൽ 52 പേർക്കും പാമ്പിന്റെ കടിയേറ്റു. കഴിഞ്ഞ ഡിസംബറിൽ വനം വകുപ്പിന്റെ അംഗീകൃത സുരക്ഷാ വൊളന്റിയർമാർ പിടികൂടിയത് 40 പാമ്പുകളെ. എന്നാൽ ജനുവരിയിൽ 70 പാമ്പുകളെ പിടികൂടി. മൂർഖൻ, അണലി, പെരുമ്പാമ്പ് എന്നിവയെയാണു പിടികൂടിയത്. ഇവയെ സ്വന്തം ആവാസവ്യവസ്ഥയിൽ എത്തിച്ചു സുരക്ഷിതമായി തുറന്നുവിട്ടു.

ജില്ലയിൽ നിന്നു ദിവസം 8 പേരെങ്കിലും സഹായം തേടി വിളിക്കാറുണ്ടെന്നു ഫോറസ്റ്റ് പ്രൊട്ടക്‌ഷൻ വാച്ചറും ‘സർപ്പ’ ജില്ലാ കോഓർഡിനേറ്ററുമായ കെ.എ.അബീഷ് പറഞ്ഞു. വനംവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 4 പേരാണു ജില്ലയിൽ പാമ്പുകടിയേറ്റു മരിച്ചത്. 57 പേരാണു പരുക്കേറ്റതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓഫിസിൽ അപേക്ഷ നൽകിയത്.

പാമ്പിനെ കണ്ടാൽ

ജില്ലയിൽ വനം വകുപ്പിനു കീഴിൽ പരിശീലനം ലഭിച്ച 43 സുരക്ഷാ വൊളന്റിയർമാരുണ്ട്. 24 മണിക്കൂറും ഇവരുടെ സൗജന്യ സേവനം ലഭിക്കും. പാമ്പിനെ കണ്ടാൽ അതിന്റെ നീക്കം ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്. 5 അടി അകലത്തിൽ ആണെങ്കിൽ പോലും പാമ്പ് പാഞ്ഞുവന്നു കടിക്കാറില്ല. ഇത് എവിടേക്കാണ് ഇഴഞ്ഞുനീങ്ങുന്നതെന്നു മനസ്സിലാക്കണം. എന്നിട്ടു വേണം ഫോ‍ൺ ചെയ്തു വനം വകുപ്പിനെ വിവരം അറിയിക്കാൻ. പാമ്പ് ഇരിക്കുന്ന സ്ഥലത്തു പോയി അതിനെ ശല്യം ചെയ്യാൻ ശ്രമിക്കരുത്.

∙ പാമ്പിനെ കണ്ടാൽ വിളിക്കാം: 8943249386

(ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വനംവകുപ്പിന്റെ കീഴിലുള്ള 43 പാമ്പുപിടിത്തക്കാരുടെ സേവനം ലഭിക്കും).

മെഡിക്കൽ കോളജ്, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ പാമ്പുകടിയേറ്റാൽ ചികിത്സ നൽകുന്നതിനുള്ള ആന്റിവെനം ഉണ്ട്. എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിലും ആന്റിവെനം ലഭിക്കും.
ഡോ.പി.എൻ.വിദ്യാധരൻ (ഡപ്യൂട്ടി ഡിഎംഒ കോട്ടയം).

പാമ്പുകടിയേറ്റാൽ മുറിവേറ്റ ഭാഗം അധികം അനക്കാതെ മുറിവിനു മുകളിലായി ഒരു വിരൽ കടക്കാനുള്ള സ്ഥലമിട്ട് തുണിയോ ബാൻഡേജോ ഉപയോഗിച്ചു കെട്ടുകയാണ് ആദ്യം ചെയ്യേണ്ടത്. കടിയേറ്റ ശരീരഭാഗം താഴേക്കു തൂക്കിയിടാൻ ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.
ഡോ. പ്രസൂൺ കുരുവിള,(കൺസൽറ്റന്റ് ഫിസിഷ്യൻ, കാരിത്താസ് ആശുപത്രി)

ആന്റിവെനം ചികിത്സ തന്നെയാണു മെഡിക്കൽ കോളജിലുമുള്ളത്. അതിനു ശേഷം രോഗിയുടെ അവസ്ഥ അനുസരിച്ചാണു തുടർന്നുള്ള ചികിത്സ തീരുമാനിക്കുന്നത്. മെഡിസിൻ വിഭാഗം തന്നെയാണു പാമ്പുകടിയേറ്റവരെയും പരിചരിക്കുന്നത്.
ഡോ. ആർ.പി.രഞ്ജിൻ,(റീജനൽ മെഡിക്കൽ 
ഓഫിസർ, കോട്ടയം മെഡിക്കൽ കോളജ്)

error: Content is protected !!