ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം; ഇനിയും വ്യാപാര സമുച്ചയം തുറന്നില്ല
പൊൻകുന്നം ∙ ഉദ്ഘാടനം നടത്തി ഒരു വർഷം പിന്നിട്ടിട്ടും ചിറക്കടവ് പഞ്ചായത്ത് വ്യാപാര സമുച്ചയം തുറന്നിട്ടില്ല. പൊൻകുന്നം ടൗണിൽ ദേശീയപാതയോരത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയാണ് സമുച്ചയം നിർമിച്ചത്. 5 കോടി രൂപ വകയിരുത്തിയ 3 നില മന്ദിരത്തിന്റെ 2–ാം ഘട്ടം ജോലികൾ 2 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും 2 ഘട്ടമായിട്ടാണ് നബാർഡിൽ നിന്നു ഫണ്ട് അനുവദിച്ചതെന്നും പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുമേഷ് ആൻഡ്രൂസ് പറഞ്ഞു.
റോഡ് ഭാഗം അടച്ചു കെട്ടി
വ്യാപാര സമുച്ചയത്തിന്റെ റോഡിലേക്കുള്ള ഭാഗം അടച്ചു കെട്ടിയാണ് നിർമാണം നടത്തിയിരിക്കുന്നത്. കവാടം വഴി ഉള്ളിൽ കയറി വേണം വ്യാപാര സമുച്ചയത്തിലേക്ക് പ്രവേശിക്കാൻ. നേരത്തെ അംഗീകരിച്ചു നിർമാണം തുടങ്ങിയതിനാൽ പ്ലാനിൽ ഭേദഗതി വരുത്താൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു.
റൂഫിങ് ചെയ്യുന്നില്ല
3 നിലകളിലായി നിർമിച്ച കെട്ടിടത്തിന്റെ മുകൾ ഭാഗം റൂഫ് ചെയ്യുന്ന നടപടി ഒഴിവാക്കിയാണ് നിർമാണം. റൂഫ് ചെയ്യുന്ന നടപടി കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിൽ ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. 2,59,000 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സമുച്ചയമാണ് നിർമിച്ചത്. 52 മുറികളും 3 നിലകളിൽ ഹാളും വിശാലമായ പാർക്കിങ് സ്ഥലവും പുതിയ സമുച്ചയത്തിലുണ്ട്. താഴത്തെ നില 748.8 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഒന്നാം നില 777.56 ചതുരശ്ര മീറ്ററിലും 2-ാം നില 863.35 ചതുരശ്ര മീറ്ററിലുമാണുള്ളത്.