ബബിതയുടെ സ്വപ്നഭവനത്തിന്റെ പിന്നണിയിൽ ആരോരുമറിയാതെ ഒരാൾകൂടി…

 January 27, 2018 

ബബിതയുടെ സ്വപ്നഭവനത്തിന്റെ നിർമ്മാണത്തിന്റെ 80% ചിലവും വഹിച്ചത് പിണ്ണാക്കനാട് വരവുകാലാപറമ്പിൽ സിനിൽ സി. മാത്യു എന്ന ജീവകാരുണ്യ പ്രവർത്തകനാണ് 

കാഞ്ഞിരപ്പള്ളി : കോടതിവിധി അനുസരിച്ചു സ്വന്തം വീട്ടിൽ നിന്നും പെരുവഴിയിലേക്കു കുടിയിറക്കപ്പെട്ട ബബിതയ്ക്കും മകൾ സൈബയ്ക്കും വെറും പത്തുമാസത്തിനുള്ളിൽ അതിമനോഹമായ സ്വപ്നഭവനം ലഭിച്ചപ്പോൾ അതിന്റെ പിന്നിൽ പ്രവർത്തിച്ച വളരെ പ്രധാപ്പെട്ട ഒരു ജീവകാരുണ്യ പ്രവർത്തകനെ അധികമാരും അറിയാതെപോയി. ബബിതയുടെ സ്വപ്നഭവനത്തിന്റെ നിർമ്മാണത്തിന്റെ 80% ചിലവും സ്വയം വഹിച്ച പിണ്ണാക്കനാട് സ്വദേശി, വരവുകാലാപറമ്പിൽ സിനിൽ സി. മാത്യുവാണ് ആ ഉദാരമതി. വീട് പൂർത്തീകരിക്കുവാൻ ഏകദേശം പതിനൊന്നു ലക്ഷം രൂപയോളം ചെലവു വന്നു. അതിൽ എട്ടര ലക്ഷത്തോളം രൂപയാണ് സിനിൽ സബിതയുടെ വീട് പൂർത്തീകരിക്കുവാനായി ചിലവഴിച്ചത് . 

കാഞ്ഞിരപ്പള്ളി എസ് ഐ മുൻപന്തിയിൽ നിന്നുകൊണ്ട് വീട് നിർമ്മിക്കുവാനാനയി അക്ഷീണം പരിശ്രമിച്ചപ്പോൾ, പിറകിൽ സാമ്ബത്തിക ശക്തിയായി നിന്നതു സിനിലാണ് . 

ബബിതയുടെ കണ്ണീരിൽ കുതിർന്ന കദനകഥ നാടെങ്ങും പ്രചരിച്ചപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്നും സഹായ വാഗ്ദാന പെരുമഴയാണ് ലഭിച്ചത്. പലരും വൻ തുകയുടെ ചെക്കുകൾ കൈമാറുന്നതായി ഫോട്ടോയെടുത്തു മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെങ്കിലും, അവരിൽ പലരും ആദ്യത്തെ വാർത്താപ്രാധാന്യം കഴിഞ്ഞപ്പോൾ പിന്മാറുകയാണ് ഉണ്ടായത്. പലരും സബിതയുടെ കണ്ണീരിൽ കുതിർന്ന വാർത്തകളും ഫോട്ടോകളും വിഡിയോകളും വിറ്റു പണം ഉണ്ടാക്കുവാൻ ശ്രമിച്ചു. മറ്റാർക്കും കിട്ടാത്ത എക്ക്ക്ലൂസ്സീവ് വാർത്തകൾ ഉണ്ടാക്കുവാൻ ചിലർ മത്സരിച്ചു . ആരാണ് ആദ്യം വാർത്ത കൊടുത്തത് എന്നതിന്റെ പേരിൽ ചില മാധ്യമങ്ങൾ തമ്മിൽ വാഗ്‌വാദം നടത്തി.

വാഗ്ദാനം ചെയ്തവരെല്ലാം പണം സമയത്തു നൽകും എന്ന് വിശ്വസിച്ചാണ് എസ് ഐ അൻസിൽ ബബിതയ്ക്കു വേണ്ടി വീടിനു സ്ഥലം വാങ്ങി വീടുപണി ആരംഭിച്ചത് . എന്നാൽ വീടിന്റെ തറ കെട്ടിയതോടെ കൈയിൽ സംഭരിച്ചിരുന്ന പണം മുഴുവനും തീർന്നു . സഹായം വാഗ്ദാനം ചെയ്തവർ വിദഗ്ദമായി പിന്മാറുകയും ചെയ്തു. മാധ്യമങ്ങളിൽ നിന്നും വാർത്തകൾ മാഞ്ഞു.. നടക്കാത്ത പ്രോജെക്റ്റിനു എന്ത് വാർത്ത പ്രാധാന്യം ? 

അപ്രതീക്ഷിത സംഭവങ്ങൾ മൂലം എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന അൻസിൽ തന്റെ സുഹൃത്തായ സിനിലിന്റെ അടുത്തെത്തി സഹായം അഭ്യര്ഥിക്കുകയായിരുന്നു . കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ സിനിൽ ഒരു മടിയും കൂടാതെ ആ വീടിന്റെ ബാക്കി നിർമ്മാണ ചുമതല സ്വയം ഏറ്റെടുക്കുകയാരുന്നു. ആനക്കല്ലിൽ താമസിക്കുന്ന കോൺട്രാക്ടർ സാജു കുത്തിവളച്ചെൽ ആണ് വീടിന്റെ നിര്മ്മാണ ചുമതല വഹിച്ച കോൺട്രാക്ടർ . ഏറ്റവും മികച്ച രീതിയിൽ വീടുപണി പൂർത്തിയാക്കണം എന്ന സിനിലിന്റെ നിർദേശത്തെ തുടർന്ന്, മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും നല്ല സാമഗ്രികൾ കൊണ്ടാണ് വീടിന്റെ നിര്മ്മാണം സാജു പൂർത്തിയാക്കിയത്. 

അതോടെ ബബിതയുടെ സ്വപ്നഭവനം സാക്ഷാത്കരിക്കപ്പെട്ടു . വിട്ടുനിന്ന മാധ്യമങ്ങൾ വീണ്ടും ഓടിയെത്തി.. ബബിത വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.. ഒപ്പം പലരുടെയും പൊള്ളയായ അവകാശവാദങ്ങളും കൂട്ടിനെത്തി.. അതെല്ലാം കണ്ടു മന്ദഹാസത്തോടെ തന്റെ കടമ നിർവഹിച്ച നിർവൃതിയിൽ സിനിൽ സി മാത്യു ആരോരുമറിയാതെ ഒതുങ്ങി നിന്നു. 

പിന്നണിയിൽ ഒതുങ്ങി നിന്നിരുന്ന സിനിലിനു, ബബിതയ്ക്ക് താക്കോൽ കൈമാറ്റം നടത്തിയ ചടങ്ങിൽ വച്ച് ജനമൈത്രി പോലീസ് പ്രതേക ആദരവ് നൽകി ബഹുമാനിച്ചിരുന്നു . നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള സിനിൽ ഇതിനോടകം പത്തോളം വീടുകൾ പാവങ്ങൾക്ക് നിർമ്മിച്ച് നൽകിയിട്ടുണ്ട് . മറ്റാരും സഹായത്തിനില്ലാതെ മരണത്തിന്റെ മുൻപിൽ ഒറ്റപ്പെട്ടുപോയ പല രോഗികളെയും ആശുപത്രിയിൽ എത്തിച്ചു ചികിൽസിച്ചു രക്ഷപ്പെടുത്തിയ സിനിൽ നല്ലൊരു കൃഷിക്കാരനും ബിസിനസ്സുകാരനും കൂടിയാണ്. സിനിലിന്റെ സഹായത്താൽ മരണത്തിൽ നിന്നും രക്ഷെപ്പട്ട പല രോഗികളും, തിരിച്ചെത്തി സിനിലിന്റെ മുൻപിൽ നിറകണ്ണുകളോടെ നന്ദി പറയുമ്പോൾ സിനിലിന്റെ മനസ്സിന് ലഭിക്കുന്ന ചാരിതാർഥ്യം മാത്രമാണ് അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം. ..
ഓരോ വർഷവും സ്വന്തം പറമ്പിൽ കപ്പക്കൃഷി ചെയ്തു , ആയിരം കിലോയിലധികം കപ്പ പറിച്ചു പുഴുങ്ങി ഉണക്കി പാവങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാറുമുണ്ട് അദ്ദേഹം. 

മറ്റുപലരും കൊട്ടിഘോഷിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ആരോരുമറിയാതെ പാവങ്ങൾക്ക് വേണ്ടി യാതൊരു പ്രതിഫലവും തിരികെ പ്രതീക്ഷിക്കാതെ നന്മ പ്രവർത്തികൾ ചെയ്യുന്ന വരവുകാലാപറമ്പിൽ സിനിൽ സി. മാത്യു മറ്റുള്ളവർക്ക് അനുകരിക്കാവുന്ന മാതൃകയാണ് ..

error: Content is protected !!