KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മിന്നും പ്രകടനത്തോടെ അരുൺലാൽ അന്തർദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചു …ഇനി മുന്നിൽ ഗിന്നസ് ..(വീഡിയോ)

January 30, 2018 

മിന്നും പ്രകടനത്തോടെ അരുൺലാൽ അന്തർദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചു …ഇനി മുന്നിൽ ഗിന്നസ് ..

കാഞ്ഞിരപ്പള്ളി : വെറും പന്ത്രണ്ടു മിനിട്ടിൽ 180 പേരുടെ ശബ്ദം അനുകരിച്ചു കാഞ്ഞിരപ്പള്ളി സ്വദേശി സി.എം അരുൺലാൽ അന്തർദേശീയ റെക്കോർഡ് സൃഷ്ടിച്ചു. തന്റെ മാതൃ വിദ്യാലയമായ ആനക്കല്ല് സെന്റ്.ആന്റണീസ് പബ്ലിക്ക് സ്കൂളിന്റെ 32-ാം മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അദ്ദേഹം വിസ്മയ പ്രകടനത്തോടെ യു.ആർ.എഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. 120 പേരുടെ ശബ്ദം അനുകരിച്ച ഹോണസ്റ് രാജ് എന്ന തമിഴ് നാട്ടുകാരന്റെ റെക്കോർഡാണ് അരുൺലാൽ പഴങ്കഥയാക്കിയത് . ഇനി 250 പേരുടെ ശബ്ദം അനുകരിച്ചു ഗിന്നസ് റെക്കോർഡ് സ്ഥാപിക്കുവാനാണ് അദ്ദേഹം ഒരുങ്ങുന്നത്. 


സിനിമ, കായികം, രാഷ്ട്രീയം, സാമൂഹികം, സാംസ്ക്കാരികം എന്നീ മേഖലകളിലുള്ള വ്യക്തിത്വങ്ങളുടെ ശബ്ദമാണ് 12 മിനിട്ടിൽ പൂർത്തിയാക്കിയത്. വലിയ സ്ക്രീനിൽ തെളിഞ്ഞ വ്യക്തിത്വങ്ങളുടെ ചിത്രങ്ങൾക്കനുസരിച്ചാണ് ശബ്ദാനുകരണം നടത്തിയത് . യു.ആർ.എഫ് ചീഫ് എഡിറ്റർ ഡോ.സുനിൽ ജോസഫ് യു.ആർ.എഫ് ഏഷ്യൻ റെക്കോർഡ് സ്ഥിരീകരിച്ചു. 

ഭരണ പരിഷ്ക്കരണ കമ്മിഷൻ മെമ്പർ സെക്രട്ടറി ഷീല തോമസ് ഐ.എ.എസ്, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ റവ.ഡോ.കുര്യൻ താമരശ്ശേരി, മാനേജർ ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ.സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിൻസിപ്പൽ ഫാ.മനു കെ.മാത്യു തുടങ്ങിയ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം പ്രകടനം നടത്തിയത് .

ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ഏറ്റവും കൂടുതൽ ചാർക്കോൾ ചിത്രങ്ങൾ വരച്ചതിന് ഒൻപത് ദേശീയ റെക്കോർഡുകൾ സ്വന്തമാക്കിയ കലാകാരനാണ് അരുൺലാൽ. 2016- ൽ സെന്റ്. ആന്റണീസ് പബ്ലിക്ക് സ്കൂളിൽ വെച്ച് നടത്തിയ ചിത്രപ്രദർശനം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അടക്കം നിരവധി റെക്കോർഡ് ബുക്കുകളിൽ ഇടം നേടി.

പാറക്കടവ് ചെമ്പകത്തുങ്കൽ വീട്ടിൽ മനോഹരൻ – വിജയമ്മ ദമ്പതികളുടെ മൂത്ത മകനായ അരുൺലാൽ തിരുവനന്തപുരത്ത് സോഫ്റ്റ് വെയർ എഞ്ചിനിയറാണ്. ഭാര്യ വൈദേഹി നാഷണൽ ഇൻഫോമാറ്റിക് സെന്ററി (എൻ.ഐ.സി)ൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. അനുജൻ പ്രവീൺലാൽ ഹൈദരാബാദിൽ ടാക്സ് കൺസൾട്ടന്റായി ജോലി ചെയ്യുന്നു. 

യു.ആർ.എഫ് ഏഷ്യൻ റെക്കോർഡ് സ്ഥപിച്ച അരുൺലാൽ , ഇനി ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമാക്കിയുള്ള തയ്യാറെടുപ്പിലാണ്.  

error: Content is protected !!