പാറത്തോട് പഞ്ചായത്ത് കമ്മറ്റിയിൽ നടന്ന വിവാദ വാക്കേറ്റം : അംഗങ്ങൾ പരസ്പരം എതിരായി പരാതി നൽകി (വീഡിയോ)

January 16, 2018

പാറത്തോട് പഞ്ചായത്ത് കമ്മറ്റിയിൽ നടന്ന വാക്കേറ്റം : അംഗങ്ങൾ പരസ്പരം എതിരായി പരാതി നൽകി . കേരള കോൺഗ്രസ് (എം)ലെ കെ.പി.സുജീലൻ ഏഴാം വാർഡ് അംഗം സിപിഎമ്മിലെ റസീന മുഹമ്മദ് കുഞ്ഞിനെതിരെ തന്നെ ജാതിപേരു വിളിച്ച് ആക്ഷേപിച്ചുവെന്നു പോലീസിൽ പരാതി നൽകി. എന്നാൽ കെ.പി.സുജീലൻ സ്ത്രീത്വത്തെ അപമാനിക്കുന്നവിധം തന്നെ അവഹേളിച്ചു സംസാരിച്ചുവെന്നു റസീന മുഖ്യമന്ത്രിയ്ക്കു പരാതി നൽകി.. കാര്യം നിസ്സാരം, പ്രശ്നം ഗുരുതരത്തിലേക്ക് ..

പാറത്തോട് : ജനുവരി മൂന്നിന് നടന്ന പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ നടന്ന വാക്കുതർക്കത്തിനിടയിൽ, തങ്ങളെ ആക്ഷേപിച്ചു സംസാരിച്ചു എന്ന് ആരോപണം ഉന്നയിച്ചുകൊണ്ട് രണ്ടു അംഗങ്ങൾ പരാതി നൽകി. 

പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ പട്ടികജാതിക്കാരനായ തന്നെ ഏഴാം വാർഡ് അംഗം സിപിഎമ്മിലെ റസീന മുഹമ്മദ് കുഞ്ഞു ജാതിപേരു വിളിച്ച് ആക്ഷേപിച്ചു എന്ന് മൂന്നാം വാർഡ് അംഗം കേരള കോൺഗ്രസ് (എം)ലെ കെ.പി.സുജീലൻ ഡിവൈഎസ്പിക്കു പരാതി നൽകിയിരുന്നു. എന്നാൽ കെ.പി സുജീലനാണു തന്നോട് അപകീർത്തിപരമായി സംസാരിച്ചതെന്നു റസീന ആരോപിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നവിധം തന്നെ അവഹേളിച്ചു സംസാരിച്ചുവെന്നാണു റസീനയുടെ ആക്ഷേപം. ഇതിനെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും റസീന അറിയിച്ചു.

വനിതാ പഞ്ചായത്ത് അംഗത്തോട് അപകീർത്തിപരമായി സംസാരിച്ചുവെന്ന് ആരോപിച്ചു ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ കെ.പി.സുജീലനെ ഇന്നലെ ഒന്നര മണിക്കൂർ പഞ്ചായത്ത് ഓഫിസിൽ തടഞ്ഞുവച്ചു. 

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജുകുട്ടിയുടെ നേതൃത്വത്തിൽ ഇരുപതോളം പ്രവർത്തകരാണ് ഇന്നലെ രാവിലെ 10.45 മുതൽ 12.15 വരെ സുജീലനെ തടഞ്ഞുവച്ചു പ്രതിഷേധിച്ചത്. ഇവർക്കു പിന്തുണയുമായി സിപിഎം ഡിവൈഎഫ്എെ പ്രവർത്തകരും എത്തിയതോടെ പൊലീസ് ഇടപെട്ടാണു സമരക്കാരെ പിൻതിരിപ്പിച്ചത്. 

ഫ്രണ്ട് ഓഫിസിനു സമീപത്തെ മുറിയിൽ സുജീലനെ തടഞ്ഞുവച്ച പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പഞ്ചായത്ത് ഓഫിസിൽനിന്നും സമരക്കാർ ഇറങ്ങിപ്പോകണമെന്നു പഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ് ആവശ്യപ്പെട്ടത് പഞ്ചായത്തിലെ ഇടതുപക്ഷാംഗങ്ങളുമായി വാക്കേറ്റത്തിൽ കലാശിച്ചു. 

സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പൊലീസ് സമരക്കാരുമായി ചർച്ച നടത്തി. റസീനയുടെ പരാതിയിൽ കേസെടുക്കുമെന്ന് ഉറപ്പു നൽകിയതോടെയാണു സമരക്കാർ പിരിഞ്ഞു പോകാൻ തയാറായത്.

എന്നാൽ, താൻ ഒരിക്കലും റസീനയെ അധിക്ഷേപിച്ചു സംസാരിച്ചിട്ടില്ലെന്നും തന്നെ മാനസികമായി തകർക്കുന്ന വിധം മോശമായാണു മഹിളാ അസോസിയേഷൻ പ്രവർത്തകർ പെരുമാറിയതെന്നും കെ.പി.സുജീലൻ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ പട്ടികജാതിക്കാരനായ തന്നെ ജാതിപേരു വിളിച്ച് ആക്ഷേപിച്ച റസീനയ്ക്കെതിരെ ഡിവൈഎസ്പിക്കു പരാതി നൽകിയിരുന്നു. പരാതിയിൽ നടപടിയുണ്ടാകുമെന്ന ഘട്ടമുണ്ടായപ്പോൾ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചു തന്നെ അകാരണമായി തടഞ്ഞു വയ്ക്കുകയായിരുന്നുവെന്നും സുജീലൻ പറയുന്നു.

കോൺഗ്രസ് – കേരള കോൺഗ്രസ് (എം) സഖ്യം ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റായിരുന്ന ജോളി ഡൊമിനിക് മുൻധാരണ പ്രകാരം രാജിവച്ച ഒഴിവിലേക്കാണു ജനുവരി മൂന്നിനു പ്രസിഡന്റ് തിരഞ്ഞെടുപ്പു നടത്തിയത് എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നു റസീന മുഹമ്മദ്കുഞ്ഞ്.

തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾക്കു വരണാധികാരി ഹാളിൽ പ്രവേശിക്കും മുമ്പേ കേരള കോൺഗ്രസ് (എം) പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ജയാ ജേക്കബ് നാമ നിർദേശപ്രത്രിക നൽകിയെന്ന് ആരോപിച്ച് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധമുയർത്തുകയും ഇതേ തുടർന്ന് എൽഡിഎഫ് അംഗങ്ങളും കേരള കോൺഗ്രസ് (എം) അംഗങ്ങളുമായി വാക്കേറ്റവുമുണ്ടായി.

ഇതിനിടെയാണു സുജീലൻ അപകീർത്തിപരമായി സംസാരിച്ചെന്നാണു റസീനയും, തന്നെ റസീന ആക്ഷേപിക്കുകയായിരുന്നുവെന്നു സുജീലനും ആരോപിക്കുന്നത്. പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന റസീനയുൾപ്പെടെ എൽഡിഎഫ് അംഗങ്ങൾ അന്നു തിരഞ്ഞെടുപ്പു ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.ഇന്നലെ രാവിലെ 11നു നടത്താനിരുന്ന പഞ്ചായത്ത് കമ്മിറ്റി മഹിളാ അസോസിയേഷന്റെ സമരത്തെ തുടർന്ന് ഉച്ചകഴിഞ്ഞു 2.30ന് ആണു നടത്താൻ കഴിഞ്ഞത്.

error: Content is protected !!