പുല്ലകയാർ പുനർജനി പദ്ധതിക്ക് തുടക്കമായി
മുണ്ടക്കയം: ഇറിഗേഷൻ വകുപ്പിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പുല്ലകയാർ പുനർജനി പദ്ധതിക്ക് തുടക്കമായി. ഞായറാഴ്ച കൂട്ടിക്കൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു.
കൂട്ടിക്കൽ , കൊക്കയാർ പഞ്ചായത്തുകളിലൂടെയാണ് പുല്ലകയാർ നദി ഒഴുകുന്നത്. ഒക്ടോബർ 16-ലെ പ്രളയത്തെത്തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ കല്ലും, മണ്ണും, ചെളിയും വന്നടിഞ്ഞതോടെ പുഴ ഗതിമാറി ഒഴുകി ഒട്ടേറെ വീടുകൾ തകർന്നിരുന്നു.
ചെറിയ മഴപെയ്താൽപോലും കൂട്ടിക്കൽ, കൊക്കയാർ മേഖലകളിലെ നിരവധി വീടുകളിൽ സ്ഥിരമായി വെള്ളംകയറിയിരുന്നു. ഇറിഗേഷൻ വകുപ്പിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുല്ലകയാർ പുനർജനി എന്ന പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം മണ്ണുമാന്തി ഉപയോഗിച്ച് നദിയിലെ വിവിധയിടങ്ങളിൽ അടിഞ്ഞുകൂടിയ എക്കലും മണ്ണും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തുതുടങ്ങി. ഇവിടെനിന്ന് ശേഖരിക്കുന്ന പുഴമണൽ ഇരു പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചശേഷം സർക്കാർ നിർദേശിച്ചിട്ടുള്ള തുകയ്ക്ക് ലേലംചെയ്ത് നൽകും. ഇതിൽനിന്ന് ലഭിക്കുന്ന തുകയുടെ 70 ശതമാനം ഗ്രാമപ്പഞ്ചായത്തുകൾക്കും 30 ശതമാനം റവന്യൂ വകുപ്പിനും നൽകാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം.
ഞായറാഴ്ച കൂട്ടിക്കൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാപഞ്ചായത്തംഗം പി.ആർ.അനുപമ, കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്.സജിമോൻ, പ്രിയ മോഹനൻ, വൈസ് പ്രസിഡന്റ് കെ.എൽ.ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു.