പോക്സോ കേസിൽ എരുമേലി സ്വദേശിയ്ക്ക് ഇരട്ട ജീവപര്യന്തവും, അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ.
എരുമേലി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് കോടതി അത്യപൂർവ ശിക്ഷ വിധിച്ചു . ഇരട്ട ജീവപര്യന്തവും, 11 വർഷവും, അഞ്ച് ലക്ഷം പിഴയുമാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതി എരുമേലി ചെറുവള്ളി വത്തലപറമ്പിൽ (വട്ടത്തു വേലിൽ ) സോമൻ (53) നാണ്
ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് അത്യപൂർവ ശിക്ഷ വിധിച്ചത്. 2016-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പഠിച്ചിരുന്ന കുട്ടിയുടെ അടുത്ത ബന്ധു കൂടിയായ സോമൻ സംരക്ഷിച്ചു കൊള്ളാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ചു തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിതൃസ്ഥാനീയനായ ബന്ധു പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു. ഗർഭിണിയായ അതിജീവിത പിന്നീട് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
പ്രതിയുടെ കുടുംബാംഗങ്ങൾ ഗർഭച്ഛിദ്രത്തിന് ശ്രമിച്ചുവെങ്കിലും ഡോക്ടർ അതിന് തയ്യാറായില്ല ഈ കേസിൽ പുനരന്വേഷണം നടത്തിയ എരുമേലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് മാത്യു ഡി എൻ എ അടക്കം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും പ്രതിക്കെതിരെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 31 സാക്ഷികളും, 25 പ്രമാണങ്ങളും പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഹാജരാക്കി. പ്രോസിക്യുഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ .പി.എസ്. മനോജ് ഹാജരായി. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി ജഡ്ജി ജയകൃഷ്ണന്‍ .ജി .പി യാണ് വിധി പ്രസ്താവിച്ചത്.