അന്ത്യ അത്താഴം ചിത്രം ഒരുക്കി കാഞ്ഞിരപ്പള്ളി സ്വദേശി
സിമന്റും മണ്ണും ഉപയോഗിച്ച് പ്ലൈവുഡിൽ നിർമിച്ച അന്ത്യ അത്താഴ ചിത്രം
ഷൈൻ മാധവൻ
കാഞ്ഞിരപ്പള്ളി: സിമന്റും മണ്ണും ഉപയോഗിച്ച് പ്ലൈവുഡിൽ നിർമിച്ച ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചുവർച്ചിത്രം ശ്രദ്ധയാകർഷിക്കുന്നു. കാഞ്ഞിരപ്പള്ളി കറിപ്ലാവ് പറമ്പുംമുറിയിൽ ഷൈൻ മാധവൻ ആണ് ആറ് അടി നീളത്തിലും രണ്ട് അടി വീതിയിലുമുള്ള ചുവർച്ചിത്രം ഒരുക്കിയത്. പ്ലൈവുഡ്‌കൊണ്ടുള്ള പ്രതലത്തിൽ സിമന്റും മണലുമുപയോഗിച്ച് യന്ത്രസഹായമില്ലാതെ കൈകൾ മാത്രം ഉപയോഗിച്ചാണ് ക്രിസ്തു ശിഷ്യന്മാർക്കൊപ്പമിരുന്ന് അന്ത്യത്താഴം കഴിക്കുന്നതിന്റെ ചിത്രം തീർത്തത്. വീടുകളുടെ ഇന്റീരിയൽ ആർട്ടിസ്റ്റായ ഷൈൻ ജോലി കഴിഞ്ഞ് എത്തിയതിന് ശേഷമുള്ള സമയത്താണ് ചിത്രം നിർമിച്ചത്. രണ്ടാഴ്ചകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
50,000 രൂപവരെ ചിത്രത്തിനായി ചെലവായതായി ഷൈൻ പറയുന്നു.
ഇത്തരത്തിലുള്ള ചിത്രങ്ങൾ ഷൈൻ നിർമിക്കുന്നത് ഇത് ആദ്യമല്ല. കൃഷ്ണന്റെയും രാധയുടെയും അടക്കമുള്ള മാതൃകകൾ ഷൈൻ നേരത്തെ ഒരുക്കിയിരുന്നു. സ്‌കൂൾ പഠനകാലംമുതൽ ചിത്രകലയോടുള്ള താത്പര്യമാണ് ഇത്തരം ചിത്രങ്ങൾ നിർമിക്കാനുള്ള പ്രചോദനമെന്ന് ഷൈൻ പറഞ്ഞു.