യുവതിക്ക് അശ്ലീലസന്ദേശം അയച്ചതിന് മർദനം; കാമുകനും സംഘവും അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: ഇൻസ്റ്റഗ്രാമിലൂടെ യുവതിക്ക് അശ്ലീലസന്ദേശം അയച്ചതിന് യുവതിയുടെ കാമുകനും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദിച്ചു. സംഭവത്തിൽ പാലാ വള്ളിച്ചിറ മാങ്കൂട്ടത്തിൽ ഫെമിൽ തോമസ്, മംഗലത്ത് ഇമ്മാനുവേൽ ജോസഫ്, ചെത്തിമറ്റം പെരുമ്പള്ളിക്കുന്നേൽ മിഥുൻ സത്യൻ എന്നിവരെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിക്കാണ് മർദനമേറ്റത്.
ഇയാൾ ഇൻസ്റ്റഗ്രാമിലൂടെ, പാലാ കുറിച്ചിത്താനം സ്വദേശിനിയും നഴ്‌സിങ് വിദ്യാർഥിനിയുമായിരുന്ന യുവതിയെ പരിചയപ്പെടുകയും സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു. യുവതി വിവരം കാമുകനെ അറിയിച്ചു. തുടർന്ന് യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കാമുകനും സുഹൃത്തുക്കളും യുവാവിനെ ബന്ധപ്പെട്ടു. നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. ചോറ്റിക്ക് സമീപം ബന്ധുവീട്ടിലെത്തുമ്പോൾ കാണാമെന്ന് സന്ദേശം ലഭിച്ചതനുസരിച്ച് യുവാവ് അവിടെ എത്തുകയായിരുന്നു. അവിടെ കാത്തുനിന്ന സംഘം ഇയാളെ മർദിച്ചെന്ന് പോലീസ് പറയുന്നു.
വധശ്രമത്തിനാണ് കേസ്. പ്രതികളെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.