KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിപാത : പുതുക്കിയ വിശദപദ്ധതിരേഖ ഈമാസം റെയിൽവേ ബോർഡിന് സമർപ്പിക്കും

എരുമേലി : അങ്കമാലിയിൽ നിന്നും എരുമേലിയിക്ക് 111 കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ വിശദപദ്ധതിരേഖ ഈമാസം റെയിൽവേ ബോർഡിന് സമർപ്പിക്കും. പാതയുടെ ലിഡാർ സർവേ നേരത്തേ പൂർത്തിയാക്കി റൂട്ട് നിശ്ചയിച്ച് റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. നേരത്തേ 70 കിലോമീറ്റർ സർവേനടപടികൾ നടത്തിയതിന്റെ ബാക്കിയുള്ള 41 കിലോമീറ്ററിലാണ് ചെറുവിമാനം ഉപയോഗിച്ച് ലിഡാർ സർവേ നടത്തി പഠനം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് .

1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ നിലവിൽ ഏകദേശം 3500 കോടി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

24 വർഷംമുമ്പ് തീരുമാനിച്ച പദ്ധതി ഏഴ് കിലോമീറ്റർ പണിത് നിർമാണം അവസാനിപ്പിച്ചിരുന്നു. പോയവർഷമാണ് സംസ്ഥാനം പാതയിൽ താത്‌പര്യം പ്രകടിപ്പിച്ച് റെയിൽവേയെ സമീപിച്ചത്. നേരത്തേ 70 കിലോമീറ്റർ സർവേനടപടികൾ നടത്തിയതിന്റെ ബാക്കിയുള്ള 41 കിലോമീറ്ററിലാണ് പഠനം പൂർത്തിയാക്കിയത്. പഴയ കണക്കുപ്രകാരം 900 ഉടമകളുടെ വസ്തുവിലൂടെയാണ് പാത കടന്നുപോകുന്നത്.

ശബരി റെയില്‍പാത കാഞ്ഞിരപ്പള്ളി മേഖലയിൽ, എലിക്കുളം, കാപ്പാട്, ആനക്കല്ല് . കാഞ്ഞിരപ്പള്ളി, ഇടക്കുന്നം, കൂവപ്പള്ളിയിലൂടെ സഞ്ചരിച്ചു എരുമേലിയിൽ എത്തുന്നതായാണ് നേരത്തെ വിഭാവനം ചെയ്തിരിക്കുന്നത്. നേരത്തെ അംഗീകരിച്ച റൂട്ട് മാപ്പ് അനുസരിച്ച്, കാഞ്ഞിരപ്പള്ളി താലൂക്കിൽ 87 ഹെക്ടർ സ്ഥലം പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരും. 18 വീടുകൾ നഷ്ടപ്പെടും.

എന്നാൽ അങ്കമാലി ശബരി റെയിൽപ്പാതയുടെ നിർമാണത്തിനു മുന്നോടിയായി അനുയോജ്യമായ റൂട്ട് കണ്ടുപിടിക്കുവാൻ കഴിഞ്ഞ ഒക്ടോബർ മാസം പദ്ധതി പ്രദേശത്തുകൂടി ചെറുവിമാനം ഉപയോഗിച്ച് ലിഡാർ സർവേ നടത്തിയിരുന്നു. കേരള റെയിൽ ഡെവലപ്‌മെന്റ്‌ കോർപ്പറേഷൻ ലിമിറ്റഡ് (കെ-റെയിൽ) ഗ്രൗണ്ട് കൺട്രോൾ പോയന്റുകൾ സ്ഥാപിച്ചായിരുന്നു .ആകാശസർവേ നടത്തിയത്. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാകാത്ത രീതിയിലാണ് ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ് റേഞ്ചിങ് (ലിഡാർ) സിസ്റ്റം ഉപയോഗിച്ച് സർവേ നടത്തിയത്.

അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്.

error: Content is protected !!