ശബരിമല ഇടത്താവള വികസന പദ്ധതി: എരുമേലിയിൽ നിർമാണോദ്ഘാടനം ദേവസ്വം മന്ത്രി നിർവഹിച്ചു , എരുമേലിയിൽ 14.45 കോടിയുടെ വികസനം നടപ്പാക്കുമെന്ന് മന്ത്രി

എരുമേലി : ശബരിമല തീർഥാടകർക്കായി നടത്തുന്ന വികസന പദ്ധതികളുടെ ഭാഗമായി എരുമേലിയിൽ നടത്തുന്ന ശബരിമല ഇടത്താവള വികസന പദ്ധതിയിൽ 14.45 കോടി ചെലവിട്ടു നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി . എരുമേലി വലിയമ്പലം ക്ഷേത്ര പരിസരത്തു ദേവസ്വം ബോർഡ് സ്ഥലത്താണു വികസന പദ്ധതികൾ നടപ്പാക്കുക. ഏപ്രിൽ 18നു രാവിലെ 11 നു മന്ത്രി കെ.രാധാകൃഷ്ണൻ പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.

എരുമേലി ധർമശാസ്താ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ വാദ്യമേളങ്ങളോടെയാണ് ദേവസ്വം ജീവനക്കാർ സമ്മേളന വേദിയിലെത്തിച്ചത്. അയ്യപ്പസ്തുതികളോടെ ചടങ്ങിന് ആരംഭം കുറിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, അംഗങ്ങളായ പി.എം.തങ്കപ്പൻ, മനോജ് ചരളേൽ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, അജിതാ രതീഷ്, ടി.എസ്.കൃഷ്ണകുമാർ, ശുഭേഷ് സുധാകൻ, അനിശ്രീ സാബു, ലിസി സജി, വി.ഐ.അജി, പി.എ.ഇർഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.

എരുമേലിയിൽ നടപ്പാക്കുന്ന പദ്ധതി :

എരുമേലിയിൽ തീർഥാടകരുടെ സൗകര്യത്തിനായി 14.45 കോടി രൂപയുടെ പദ്‌ധതി നടപ്പാക്കും.

• ഭക്തർക്ക് അന്നദാനം, വിരി സൗകര്യം ഉൾപ്പെടുന്ന മൂന്നുനില കെട്ടിടം.

• തീർഥാടനത്തിനെത്തുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക താമസ, ശൗചാലയ സൗകര്യങ്ങൾ

• അന്നദാനമണ്ഡപം.

• ഭക്തർ കൊണ്ടുവരുന്ന സാധനങ്ങൾ സൂക്ഷിക്കാൻ ലോക്കറുകളും വിശ്രമ സൗകര്യങ്ങളും.

• അതിഥിമന്ദിരത്തിൽ ശൗചാലയ സൗകര്യമുള്ള മുറികൾ, ഓഫീസ്, മീറ്റിങ് ഹാൾ .

• 53,764 ചതുരശ്രയടിയാണ് മൊത്തം വിസ്തീർണം. 14,44,57,653 രൂപയാണ് പദ്ധതി തുക അനുവദിച്ചിട്ടുള്ളത്. നിർമാണ പൂർത്തീകരണത്തിന് 18 മാസ കാലാവധിയുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസനം നടപ്പാക്കുന്നത്.

അന്നദാന മണ്ഡപം നിർമിക്കുന്നതിനാണു പ്രധാന പരിഗണന. .നാനൂറ്റി അൻപതോളം പേർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാനാകും.

നിലവിലുള്ള ഷെൽറ്ററുകൾ കാലപ്പഴക്കംമൂലം സുരക്ഷിതമല്ലാത്തതിനാൽ പൊളിച്ചുനീക്കിയാണു പുതിയതു നിർമിക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ പേട്ടതുള്ളലിനുശേഷം ഇവിടെ വിശ്രമിച്ചിട്ടാണ് ശബരിമല തീർഥാടനം നടത്താറുള്ളത്. ക്ഷേത്രത്തിനോടു ചേർന്ന് അതിഥി മന്ദിരം നിർമിക്കും. ജനപ്രതിനിധികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർക്ക് ഉപയോഗിക്കാനാണ് മന്ദിരം. തീർഥാടകർക്കായി അന്നദാന ബ്ലോക്കും പണിയും. നിലവിലുള്ള അന്നദാന കെട്ടിടവും സ്ഥലപരിമിതിയിലാണ്. ശുചിമുറികൾ, ഡോർമിറ്ററി എന്നിവ നിർമിക്കാനും തീരുമാനിച്ചു.

പാചകശാല, ഓഡിറ്റോറിയം എന്നിവയുടെ നിർമാണവും പദ്ധതിയിലുണ്ട്. ശുചിമുറികളോടുകൂടിയ 8 മുറികളും നിർമിക്കും. ദേവസ്വം വക പാർക്കിങ് മൈതാനങ്ങൾ വിപുലപ്പെടുത്തും. കോൺഫറൻസ് ഹാൾ നിർമിക്കും. നിലവിലുള്ള വിശ്രമ കേന്ദ്രങ്ങളും ശുചിമുറികളും പൊളിച്ചു നീക്കി. കിഫ്ബി സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുക. ഇതിനു പുറമേ സംസ്ഥാന സർക്കാർ ബജറ്റിൽ ശബരിമല വികസനത്തിന് വക കൊള്ളിച്ച 30 കോടി രൂപയുടെ പദ്ധതിയിൽ എരുമേലിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!