മുക്കൂട്ടുതറയിൽ ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുന്ന ജനകീയ ഹോട്ടലിന് തുടക്കമാകുന്നു. .
മുക്കൂട്ടുതറ : ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭക്ഷണശാല മുക്കൂട്ടുതറയിൽ മെയ് 5 മുതൽ പ്രവർത്തനം ആരംഭിക്കും. നിലവിൽ എരുമേലി ടൗണിൽ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. മുക്കൂട്ടുതറയിൽ തുറക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനം വ്യാഴം രാവിലെ 10.30 ന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും.
ഉച്ചഭക്ഷണത്തിന് പുറമെ മറ്റ് ഭക്ഷണ വിഭവങ്ങളും സൗജന്യ നിരക്കിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യ പൊതു വിതരണ വകുപ്പും എരുമേലി പഞ്ചായത്തും കുടുംബശ്രീയും ചേർന്നാണ് ഹോട്ടലിന്റെ പ്രവർത്തനം. ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിശ്രീ സാബു, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ മാഗി ജോസഫ്, ജൂബി അഷറഫ്, ടി എസ് കൃഷ്ണകുമാർ, , പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.