കടവനാൽകടവ് പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തിങ്കളാഴ്ച മുതൽ, 45 ദിവസത്തേക്ക് പാലം പൂർണമായും അടച്ചിടും ..

കാഞ്ഞിരപ്പള്ളി: മണിമലയാറ്റിലെ കടവനാൽ കടവ് പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 64.3 ലക്ഷം രൂപയുടെ അനുമതി ലഭിച്ചിരുന്നു. തുടർന്ന് ടെൻഡർ വിളിച്ച് പണികൾ ഏൽപ്പിക്കുയായിരുന്നു. ഫറൂക്കിലെ ഖലാസികളുടെ സഹായത്തോടയാണ് കോൺട്രാക്ടർ പുനരുദ്ധാരണ പ്രവർത്തങ്ങൾ നടത്തുന്നത്.

പണികൾ നടക്കുന്ന 45 ദിവസത്തേക്ക് പാലം പൂർണമായും അടച്ചിടും. ആ കാലയളവിൽ പാലത്തിലൂടെ കാൽനടയാത്ര പോലും അനുവദിക്കുവാൻ സാധിക്കില്ല എന്ന് അധികൃതർ പറഞ്ഞു. ജനങ്ങൾ ബുദ്ധിമുട്ട് മനസ്സിലാക്കി സഹകരിക്കണമെന്ന് ഡോ. എൻ. ജയരാജ് അഭ്യർത്ഥിച്ചു.

കഴിഞ്ഞ ഒക്ടോബർ 16 നു നടന്ന മഹാപ്രളയത്തിൽ , മണിമലയാറിനു കുറുകെ വിഴിക്കിത്തോട്, ചേനപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കടവനാൽകടവ് പാലം ഗുരുതരമായ അപകടത്തിലായിരുന്നു. . അന്ന് മുതൽ ഭാരവണ്ടികളും വലിയവാഹനങ്ങളും ഇതുവഴി കടത്തിവിടുന്നില്ല. അതോടെ ചേനപ്പടിയിലേക്കുള്ള ഗതാഗതം താറുമാറായിരുന്നു.

പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ സ്പാനുകൾ തെന്നിമാറി അപകടത്തിലായ ചേനപ്പാടി കടവനാൽകടവ് പാലത്തിന്റെ തകരാർ പരിഹരിക്കുന്നതിന് 68.3 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു .

പ്രളയജലത്തിന്റെ സമ്മർദ്ദം മൂലവും ഒഴുകിയെത്തിയ തടികളിടിച്ചും വിഴിക്കിത്തോടുനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ സ്പാനാണ് രണ്ടരയടിയിലേറെ തെന്നിമാറിയത്. മറ്റ് സ്പാനുകൾ ഏതാനും ഇഞ്ചുവീതം തെന്നിയകന്നിട്ടുണ്ട്. ഇതോടെ പാലത്തിന്റെ ഉപരിതലത്തിൽ സ്പാനുകൾ കൂടിച്ചേരുന്നിടം അകന്നുമാറി. തൂണുകളിൽ ഉറപ്പിച്ചിരിക്കുന്ന സ്പാനുകൾ ലിഫ്റ്റ് ഉപയോഗിച്ച് ഉയർത്തിമാറ്റി തമ്മിൽ കൂടിച്ചേരുംവിധം ഉറപ്പിക്കും. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ബെയറിങ്ങുകളും മാറ്റും. പാലത്തിന്റെ അടിത്തട്ടിൽ കൽക്കെട്ടിടിഞ്ഞിട്ടുണ്ട്. അതുകൂടി ചേർത്താവും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.

error: Content is protected !!