നിർമാണത്തിലുള്ള വീടിന്റെ ഭിത്തി തകർത്ത് വയറിങ് സാമഗ്രികൾ കവർന്നു
കാഞ്ഞിരപ്പള്ളി∙ നിർമാണത്തിലുള്ള വീടിന്റെ ഭിത്തികൾ തകർത്ത് വയറിങ് സാമഗ്രികൾ കവർന്നു. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ഇലക്ട്രിക് വയറുകളും 25000 രൂപ വില വരുന്ന പ്ലമിങ് സാമഗ്രികളുമാണ് മോഷ്ടിച്ചത്. ആനക്കല്ല്- തമ്പലക്കാട് റോഡിൽ മനന്താനത്ത് പി.എം. നാസറിന്റെ മകൻ ഹൻസൽ പി.നാസർ 3000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ വയറിങ്, പ്ലമിങ് സാമഗ്രികളാണ് മോഷ്ടിച്ചത്.
6എംഎം, 4എംഎം, 2.5 എംഎം,1.5എംഎം, 1 എംഎം വയറുകളാണ് 40,000 രൂപ പണിക്കൂലി നൽകി കോൺക്രീറ്റിങ്ങിനുള്ളിലും ഭിത്തിക്കുള്ളിലുമായി സ്ഥാപിച്ചിരുന്നത്. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന പ്ലമിങ് ഫിറ്റിങ്ങുകളും മോഷ്ടിച്ചു. സ്വിച്ച്ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിച്ചുള്ള വയറിങ് ജോലികൾ പൂർത്തീകരിച്ചിരുന്നു. ഇവയാണ് പൂർണമായും നഷ്ടപ്പെട്ടത്.
ശനിയാഴ്ച വൈകിട്ട് 7 വരെ ഉടമയും പണിക്കാരും വീട്ടിലുണ്ടായിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. നിർമാണത്തിലിരുന്ന വീടിന് വാതിലുകളും ജനാലകളും സ്ഥാപിച്ചിരുന്നില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.