പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പൂതക്കുഴി – പട്ടിമറ്റം റോഡ് നവീകരണം ഉടൻ..
കാഞ്ഞിരപ്പള്ളി : തകർന്ന് കിടക്കുന്ന പൂതക്കുഴി – പട്ടിമറ്റം റോഡ് 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്തംഗം അഡ്വ.പി.എ. ഷെമീർ അറിയിച്ചു. ദേശീയ പാത 183 ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ നിന്നാരംഭിച്ച് കെ.എം.എ ചിൽഡ്രൻസ് ഹോമിന് സമീപമുള്ള പാലം വരെയുള്ള 500 മീറ്റർ റോഡാണ് നവീകരിച്ച് നിർമ്മിക്കുന്നത്.
പടപ്പാടി തോട്ടിൽ ചെക്ക് ഡാം ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിച്ചും നിലവിലെ പൂതക്കുഴി – പട്ടിമറ്റം റോഡിന്റെ ഉയരം മൂന്ന് അടി കൂടി വർദ്ധിപ്പിച്ചും റോഡിന് വശത്ത് പുതിയതായി ഓടയും നിർമ്മിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
റോഡ് നവീകരണത്തിന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജിന്റെ നിർദ്ദേശപ്രകാരം വെള്ളപൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സംരക്ഷണഭിത്തിയുടെ നിർമ്മാണത്തിന് ജല വിഭവ വകുപ്പിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ പ്രളയത്തിൽ 26-ാം മൈലിലെ പാലം ദുർബലമായതോടെ എരുമേലി ഭാഗത്തേക്കുള്ള ബസുകൾ അടക്കമുള്ള ഭാരവാഹങ്ങളും തീർത്ഥാടക വാഹനങ്ങളും 4 മാസം ഈ വഴിയാണ് ഉപയോഗിച്ച് വന്നത്. തന്മൂലം ഈ റോഡിന് കൂടതൽ കേടുപാടുകൾ ഉണ്ടായി. ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ പൂതക്കുഴി – പട്ടിമറ്റം റോഡ് നവീകരണത്തിന് നടപ്പ് വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപ അനുവദിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ജെസി ഷാജനും അറിയിച്ചു. സംരക്ഷണഭിത്തിയുടെ മുകളിൽ കൈവരികളും റോഡിൽ പുതിയതായി വൈദ്യുതി ലൈൻ വലിച്ച് തെരുവ് വിളക്കുകളും സ്ഥാപിക്കും. റോഡ് നവീകരണത്തിന് മുന്നോടിയായി താത്കാലിക അറ്റകുറ്റപണികളും ഉടൻ നടത്തുെമെന്നും ഗ്രാമ പഞ്ചായത്തംഗം അഡ്വ. പി.എ.ഷെമീർ അറിയിച്ചു.