പഴയിടം കോസ് വേയിൽ വീണ്ടും മാലിന്യ കൂമ്പാരം.. അങ്ങോട്ട് കൊടുത്തതെല്ലാം ഇരട്ടിയായി പുഴ തിരികെത്തന്നു
പഴയിടം : തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ, പെരുവെള്ളത്തിൽ മണിമലയാറ്റിലെ പഴയിടം കോസ്‌വേയിൽ പതിവുപോലെ ഇത്തവണയും വലിയ തോതിൽ ജൈവ, അജൈവ മാലിന്യ കൂമ്പാരം അടിഞ്ഞു. പുഴയിൽ എറിഞ്ഞ വേസ്റ്റുകൾ ഇരട്ടിയായി പുഴ തിരിച്ചു തന്നത് കാവ്യനീതിയായി. പാലത്തിൽ തങ്ങിനിൽക്കുന്നതിലേറെയും പുഴയിലെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും തെർമോക്കോളും. കരകളിൽനിന്ന് പുഴയിലേക്കെത്തിയ ചപ്പുചവറുകളും മറ്റുമാണ്.
മൂന്ന് ദിവസത്തെ കനത്ത മഴയെത്തുടർന്ന്, ആറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ ഒഴുകിയെത്തിയ മാലിന്യങ്ങൾ, വലിയ തോതിൽ പാലത്തിൽ തട്ടി നിൽക്കുകയാണ് . എല്ലാവർഷവും അവിടെ ഈ പ്രതിഭാസം പതിവാണ് . ജലനിരപ്പ് താഴുമ്പോൾ പാലത്തിനടിയിലൂടെ ഒരു ഭാഗം മാലിന്യങ്ങൾ ഒഴുകിപ്പോകും. പിന്നെയും തങ്ങിനിൽക്കുന്നവ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പുഴയിലേക്കുതന്നെ തള്ളിവിടും. മാലിന്യം അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെടുമ്പോൾ വെള്ളം പാലത്തിന് മുകളിലൂടെ ഒഴുകുന്നതും, കുത്തൊഴുക്കിൽ പെട്ട വലിയ തടികളിടിച്ച് പാലത്തിന്റെ കൈവരി തകരുന്നതും ഇവിടെ പതിവാണ് .
കഴിഞ്ഞ പ്രാവശ്യം പഴയിടം പാലത്തിനു സമീപം പാഴ്വസ്തുക്കൾ നീണ്ടനാൾ കെട്ടിക്കിടന്നു പോളകൾ രൂപപ്പെട്ടിരുന്നു. ഇവ നീക്കാൻ നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെടുകയും ചെയ്തു. പ്രളയത്തിലാണ് ഇവ പൂർണമായും നീങ്ങിമാറിയത്. മാലിന്യം അടിഞ്ഞു കിടക്കുന്നതു നദിയുടെ സ്വാഭാവിക പ്രകൃതിയെ ബാധിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മാലിന്യ നീക്കത്തിനു പ്രത്യേക ഫണ്ട് ഇല്ലെന്നാണു പഞ്ചായത്തും ഇറിഗേഷൻ വിഭാഗവും പറയുന്നത്.