കടവനാൽക്കടവ് പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി : പ്രളയത്തെ തുടർന്നു തെന്നി മാറിയ ചേനപ്പാടി കടവനാൽക്കടവ് പാലത്തിന്റെ സ്പാനുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. സിപ് സീൽ എക്സ്പാൻഡ് ജോയ്നിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ജോലികൾ നടത്തുന്നത്. 64 ലക്ഷം രൂപയാണു ആകെ ചെലവ് വകയിരുത്തിയിരിക്കുന്നത്. ഒന്നര മാസത്തിനുള്ളിൽ പണികൾ തീർത്തു പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 1990ൽ നിർമിച്ച പാലം കഴിഞ്ഞ ഒക്ടോബറിൽ പ്രളയത്തിൽ ഒഴുകിയെത്തിയ മരങ്ങളിടിച്ചും മറ്റുമാണ് തകരാറിലായത്.
തെന്നിമാറിയ സ്പാനുകൾ ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ഖലാസികളുടെ സഹായത്താൽ ഉയർത്തി പഴയ സ്ഥാനത്തേക്കു നീക്കും. തൂണിൽ ഉറപ്പിക്കുന്നതിനു പഴയ ബെയറിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കും 4 സ്പാനുകൾ ഉയർത്തി ഉറപ്പിക്കുന്നതിനൊപ്പം പാലത്തിന്റെ അടിഭാഗത്തുണ്ടായ തകരാറും പരിഹരിക്കും. കൂടാതെ സ്പാനുകൾ തമ്മിൽ കൂടിച്ചേരുന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് ബലവത്താക്കും. പുതിയ കൈവരികളും സ്ഥാപിക്കും.