പുലർച്ചെ ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങി, നിയന്ത്രണം വിട്ട കാർ തോട്ടിൽ വീണു, നിസ്സാര പരിക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു .
.
എരുമേലി : ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എരുമേലി റാന്നി സംസ്ഥാന പാതയിൽ കരിമ്പിൻതോട് പ്രദേശത്താണ് അപകടം നടന്നത്. റോഡിൽ നിയന്ത്രണം വിട്ട കാർ തൊട്ടരികിൽ പൊയ്ക തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങിയതാണ് അപകട കാരണം എന്ന് അനുമാനിക്കുന്നു.
റോഡിന്റെ വശങ്ങളിലെ ഇരുമ്പ് കമ്പികൾ ഇടിച്ചു തെറിപ്പിച്ച് താഴ്ചയിലേക്ക് പതിച്ച് ചെറിയ പൊയ്ക തോട്ടിലൂടെ ഉരുണ്ടു പോയ കാർ സാവധാനം നിന്നു. ഒരു കുട്ടി ഉൾപ്പടെ അഞ്ച് പേര് അടങ്ങുന്ന മാവേലിക്കര സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നത്
പുലർച്ചെ സംഭവിച്ച ഈ അപകടത്തിൽ പകച്ചുപോയ യാത്രക്കാർ പുറത്തിറങ്ങി എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ച് നിൽക്കുമ്പോൾ എരുമേലി പോലിസ് സ്ഥലത്ത് എത്തി യാത്രകകരെ സുരക്ഷിതരായി രക്ഷപെടുത്തി. അപകടത്തിന്റെ ഭയാനകമായ ശബ്ദം കേട്ട് ഉറക്കം ഉണർന്ന തൊട്ട് സമീപത്തെ വീട്ടുകാർ പരിഭ്രമിച്ചുവെങ്കിലും, പിന്നീട സഹായത്തിനായി ഓടിയെത്തി.