പ്രളയത്തിൽ തകർന്ന കരിമ്പുകയം ചെക്ക്‌ഡാം കം കോസ്‌വേയുടെ കൈവരികൾ ഏഴ് മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തിൽ തകർന്ന കരിമ്പുകയം ചെക്ക്‌ഡാം കം കോസ്‌വേയുടെ കൈവരികളും സംരക്ഷണഭിത്തിയുടെയും നവീകരണ പ്രവർത്തനങ്ങൾ ഏഴ് മാസം കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. ചേനപ്പാടി കടവനാൽ കടവ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ നിലവിൽ സുരക്ഷയ്ക്കായി സംരക്ഷണവേലികളില്ല. വലിയ വാഹനങ്ങൾ പാലത്തിൽ കയറുമ്പോൾ, ആ സമയത്ത് പാലത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രികർ സുരക്ഷതരല്ലന്ന് നാട്ടുകാർ പറയുന്നു. .
കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ 18-ാം വാർഡിൽ സ്ഥിതിചെയ്യുന്ന പാലം എരുമേലി-കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ്. മണിമലയാറിന് കുറുകെ നിർമിച്ചിരിക്കുന്ന പാലത്തിന്റെ ഇരു വശങ്ങളിലെയും കൈവരികൾ പ്രളയത്തിൽ തകർന്നിരുന്നു. ഒപ്പം അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. അഞ്ച് വർഷം മുൻപാണ് ഇവിടെ പുതിയ പാലം നിർമിച്ചത്.
ചേനപ്പാടി കടവനാൽ കടവ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ നിലവിൽ സുരക്ഷയ്ക്കായി സംരക്ഷണവേലികളില്ല. കാൽനടയാത്രികരും ഏറെ ആശ്രയിക്കുന്ന പാലത്തിന്റെ കൈവരികൾ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രളയം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ തന്നെ ഇറിഗേഷൻ വകുപ്പ് അധികൃതർ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് സ്ഥലത്തെത്തി പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.
എന്നാൽ നാശമുണ്ടായി ഏഴ് മാസം കഴിഞ്ഞിട്ടും കരിമ്പുകയം പാലം നവീകരിച്ചിട്ടില്ല. കാലവർഷം എത്തുന്നതോടെ ഡാമിലും ആറിലും വെള്ളം നിറയും. മഴമൂലം പണികൾ മുടങ്ങുന്നതിനും ഇടയാകും. ഇതിനാൽ എത്രയും വേഗം പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.