എരുമേലിയിൽ പ്രവേശന മഹോത്സവം : വിവിധ സ്‌കൂളുകളിൽ പ്രവേശനോത്സവത്തിൽ ജനപ്രതിനിധികൾ നേതൃത്വം നൽകി.
എരുമേലി : എരുമേലിയിലെ വിവിധ സ്‌കൂളുകളിലെ പ്രവേശനോത്സവങ്ങളിൽ വിവിധ ജനപ്രതിനിധികൾ സജീവമായി പങ്കെടുത്തു . രണ്ട് വർഷത്തിന് ശേഷം ക്ലാസ് മുറികളിൽ കുട്ടികൾ നിറഞ്ഞത്തോടെ അധ്യാപകരും ആവേശത്തിലായി. ഏറെ നാളുകൾക്ക് ശേഷം സ്കൂളുകൾ വീണ്ടും ശബ്ദമുഖരിതമായത് ഏവരെയും സന്തോഷിപ്പിച്ചു.
ജില്ലാ, ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിവിധ സ്‌കൂളുകളിൽ പരിപാടികൾക്ക് നേതൃത്വം നൽകി. ബ്ലോക്ക് തല പ്രവേശന ഉത്സവത്തിന്റെ ഉദ്ഘാടനം കനകപ്പലത്ത് എൻഎം എൽ പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ ടി എസ് കൃഷ്ണകുമാർ. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലാ അസി ഓഫിസർ പി എച്ച് ശൈലജ, പഞ്ചായത്ത് അംഗങ്ങളായ ലിസി സജി, സുനിമോൾ, ബിപിസി ഓഫിസർ റീബി വർഗീസ്, ലോക്കൽ മാനേജർ എം എ മാത്യു, ഹെഡ് മാസ്റ്റർ സുനിൽ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
ചേനപ്പാടി ഗവ. എൽപി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശന ഉത്സവം വാർഡ് അംഗം ടി വി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ ടി പി രാധാകൃഷ്ണൻ നായർ, ഹെഡ് മിസ്ട്രസ് ഗിരിജ, പിടിഎ പ്രസിഡന്റ് ഉബൈദ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. എരുമേലി സെന്റ് തോമസ് എൽ പി സ്കൂളിൽ വാർഡ് അംഗം പി എ ഷാനവാസ്, കനകപ്പലം എംടിഎൽപി സ്കൂളിൽ വാർഡ് അംഗം സുനിൽ ചെറിയാൻ, നെടുങ്കാവുവയൽ ഗവ എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, മുട്ടപ്പള്ളി ഗവ എൽപി സ്കൂളിൽ വാർഡ് അംഗം എം എസ് സതീഷ്, പനയ്ക്കവയൽ ഗവ. എൽപി സ്കൂളിൽ വാർഡ് അംഗം മറിയാമ്മ, തുമരംപാറ ഗവ. എൽ പി സ്കൂളിൽ വാർഡ് അംഗം ബിനോയ്, വാവർ സ്കൂളിൽ വാർഡ് അംഗം നാസർ പനച്ചി, പാണപിലാവ് ഗവ എൽപി സ്കൂളിൽ വാർഡ് അംഗം ജിജിമോൾ സജി തുടങ്ങിയവർ പ്രവേശന ഉത്സവ ഉദ്ഘാടനത്തിന് നേതൃത്വം നൽകി.