അനുവാദമില്ലാതെ കടവനാൽക്കടവ് പാലം നാട്ടുകാർ തുറന്നു.. വലിയ വാഹനങ്ങൾ പാലത്തിലൂടെ സഞ്ചരിച്ചു .. പോലീസ് എത്തി അടച്ചു, കേസുമെടുത്തു ..
ചേനപ്പാടി: പ്രളയത്തിൽ സ്പാനുകൾ തെന്നിമാറി അപകടാവസ്ഥയിലായ കടവനാൽക്കടവ് പാലത്തിന്റെ പ്രധാന പുനരുദ്ധാരണ ജോലികൾ തീർന്നു എന്ന് കരുതി നാട്ടുകാരിൽ ചിലർ അനുവാദമില്ലാതെ അടച്ചിട്ടിരുന്ന പാലം തുറന്നു. പാലം തുറന്നു കിടക്കുന്നതു കണ്ട് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പാലത്തിലൂടെ സഞ്ചരിച്ചു. വാർത്ത പുറത്തുവന്നതോടെ പോലീസെത്തി പാലം വീണ്ടും അടച്ചു. സ്പാനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ബീഡിങ്ങുകൾ കോൺക്രീറ്റ് ചെയ്തതിന്റെ ക്യൂറിങ് സമയം കഴിയാത്തതിനാലാണ് തുറന്നു കൊടുക്കാത്തത് എന്ന് കരാറുകാരൻ പറയുന്നു. ചൊവ്വാഴ്ച വരെ പാലം അടച്ചിടുവാനാണ് കരാറുകാരൻ നിർദേശിച്ചിരുന്നത് .
കഴിഞ്ഞ ആഴ്ചയാണ് സ്പാനുകളുടെ ഉറപ്പിക്കൽ നടത്തി പണി പൂർത്തീകരിച്ചത്. സമീപന റോഡുൾപ്പെടെയുള്ളവയുടെ അറ്റകുറ്റപ്പണികൾ മഴക്കാലത്തിന് ശേഷം തുടങ്ങുവാനായിരുന്നു പദ്ധതി. കഴിഞ്ഞ ഒക്ടോബർ മുതൽ ഇതുവഴി ഗതാഗതം നിരോധിച്ചതാണ്.
പാലം പണി തീർന്നിട്ടും ജനപ്രതിനിധികളുടെ സൗകര്യത്തിന് ഉദ്ഘാടനം നടത്താൻ തുറന്നുകൊടുക്കൽ വൈകിപ്പിക്കുന്നുവെന്നായിരുന്നു പരാതി ഉയർന്നത്. എന്നാൽ പാലത്തിന്റെ ഉറപ്പിനായി ഏതാനും ദിവസംകൂടി സാവകാശം വേണമെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ഒരുസംഘം ഗതാഗതം തടസ്സപ്പെടുത്തി പാലത്തിൽ സ്ഥാപിച്ചിരുന്ന തടികളും വേലികളും മാറ്റിയത്. പിന്നീട് രാവിലെ പോലീസെത്തി അടച്ചെങ്കിലും വീണ്ടും നാട്ടുകാർ തുറന്നു.
സംഭവത്തിന്റെ പേരിൽ കാഞ്ഞിരപ്പള്ളി പോലീസ് ഏതാനും പേർക്കെതിരേ കേസെടുത്തു. മുൻപ് പാലം തകരാറിലായിരുന്ന സമയത്ത് ചെറുവാഹനങ്ങൾ മാത്രം ഇതുവഴി കടത്തിവിട്ടിരുന്നു. അന്ന് ഭാഗികമായി അടച്ചിരുന്ന വേലി പൊളിച്ചതിനും ചിലർക്കെതിരേ കേസെടുത്തിരുന്നു.
ശനിയാഴ്ചത്തെ സംഭവത്തെ തുടർന്ന് പഞ്ചായത്തംഗങ്ങൾ സ്ഥലത്തെത്തി. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എം.എൽ.എ.മാരുമായും വകുപ്പധികൃതരുമായും ചർച്ച നടത്തി.
പാലത്തിലൂടെ ചൊവ്വാഴ്ച മുതൽ ഗതാഗതം അനുവദിക്കാമെന്ന് ഏകദേശ ധാരണയായി. അതോടെ പാലം വീണ്ടുമടച്ച് പോലീസ് മടങ്ങി.