കെ.ബിനു : നശിച്ചുപോകുമായിരുന്ന ഒട്ടേറെ മരങ്ങൾക്ക് പുതുജീവൻ നൽകിയ പുണ്യം
പൊൻകുന്നം : എട്ടുവർഷത്തിനിടെ, നശിച്ചുപോകുമായിരുന്ന ഒട്ടേറെ മരങ്ങൾക്ക് പുതുജീവൻ നൽകിയ പുണ്യം. പരിസ്ഥിതി പ്രവർത്തകനായ കെ.ബിനു തന്റെ ജീവിതത്തിലെ സമ്പാദ്യമായി കരുതുന്നത് ഇതാണ്.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി വൃക്ഷായുർവേദ ചികിത്സയിലൂടെ 146 മരങ്ങൾക്കാണ് പുതുജീവനേകിയത്. 2014-ൽ പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രമുറ്റത്തെ പ്ലാവിന് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചികിത്സ വിജയംകണ്ടു. ഇടിമിന്നലിൽ ക്ഷയിച്ച പ്ലാവിന് മാസങ്ങൾക്കുള്ളിൽ പുതുജീവനായി. അതോടെ കൂടുതൽ മരങ്ങളെ രക്ഷിക്കാനുള്ള നിയോഗമേറ്റെടുത്തു ഉള്ളായം യു.പി.എസിലെ അധ്യാപകനായ വാഴൂർ തീർഥപാദപുരം സ്വദേശി ബിനു.
സംസ്ഥാന സർക്കാരിന്റെ വനമിത്ര, പ്രകൃതിമിത്ര അവാർഡുകൾ നേടിയിട്ടുണ്ട്. സംസ്ഥാന വനം വന്യജീവി ബോർഡിലെ മുൻ അംഗവും ഇപ്പോൾ കോട്ടയം ജില്ലാ ട്രീ കമ്മിറ്റിയംഗവുമാണ്. 51-ൽപരം പുരസ്‌കാരങ്ങൾ നേടിയ ഇദ്ദേഹം ഇന്ത്യയിലെ അറിയപ്പെടുന്ന വൃക്ഷവൈദ്യൻ.
വഴിതിരിച്ചത് സീതാരാമൻ
പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ.എസ്.സീതാരാമനിൽനിന്നാണ് ആദ്യം വൃക്ഷായുർവേദത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ നിർദേശങ്ങൾക്കൊപ്പം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൃക്ഷായുർവേദം സംബന്ധിച്ച് തയ്യാറാക്കിയ പ്രബന്ധസമാഹാരം പഠിച്ചു. അതിൻപ്രകാരമാണിപ്പോൾ ചികിത്സ.
ഔഷധക്കൂട്ട്
പാടത്തെ ചെളിമണ്ണ്, ചിതൽപ്പുറ്റിലെ മണ്ണ്, ചികിത്സിക്കേണ്ട മരത്തിന്റെ ചുവട്ടിലെ മണ്ണ്, നാടൻ പശുവിന്റെ പാലും നെയ്യും ചാണകവും അരിപ്പൊടി, എള്ള്, രാമച്ചപ്പൊടി, കദളിപ്പഴം, ചെറുതേൻ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ചികിത്സ. ഈ മിശ്രിതം മരത്തിൽ തേച്ചുപിടിപ്പിച്ച് ഉണങ്ങിയ ശേഷം ലേപന ചികിത്സ. ചെറുപയർ, കറുത്ത ഉഴുന്ന്, മുത്തങ്ങ, ഇരട്ടിമധുരം, എള്ള് എന്നിവ പൊടിച്ച് പാലിൽ ചാലിച്ച് കുഴമ്പുരൂപത്തിലാക്കി തേച്ചുപിടിപ്പിക്കും. അതിന് ശേഷം തുണികൊണ്ട് പൊതിയും. തടിയിലൂടെ മരുന്നുകൂട്ട് വലിച്ചെടുത്ത് ആറുമാസംകൊണ്ട് മരം നന്നാകും.
ചികിത്സയില്ല, ഒറ്റത്തടി മരങ്ങൾക്ക്
തെങ്ങ്, കമുക്, പന തുടങ്ങിയ മരങ്ങൾക്ക് വൃക്ഷായുർവേദ ചികിത്സ നിർദേശിച്ചിട്ടില്ല. ഇവ ഒറ്റത്തടി മരങ്ങളാണ്. പുതിയ മുകുളങ്ങൾ പൊട്ടിമുളയ്ക്കാൻ സാധ്യതയുള്ള വൃക്ഷങ്ങൾക്കാണിത് ഫലപ്രദം.