യൂത്ത് കെയറിന്റെ ഉറപ്പ് ; പാറമേൽ പണിത വീട് യാഥാർഥ്യമായി

എരുമേലി∙പാറമേൽ പണിത വീടിനെക്കുറിച്ചുള്ള ബൈബിളിലെ ഉപമ കേട്ടിരിക്കാം. അതു യാഥാർഥ്യമാക്കിയിരിക്കുകയാണ് ഒരു പറ്റം യുവാക്കളും നാട്ടുകാരും. പടുത വിരിച്ച വീട്ടുപരിസരത്ത് ഇനി 5 സ്ത്രീകൾക്കും യുവാവിനും ഭയമില്ലാതെ പാർക്കാം. എരുമേലി യൂത്ത് കെയർ നേതൃത്വത്തിൽ ഏഞ്ചൽവാലിയിൽ പാറമേൽ പണിത വീടിന്റെ കഥയാണിത്.

പ്ലാസ്റ്റിക് പടുതയ്ക്കു കീഴിൽ അന്തിയുറങ്ങുന്ന കുടുംബത്തെക്കുറിച്ച് യൂത്ത് കെയർ കഴിഞ്ഞ വർഷമാണ് അറിഞ്ഞത്. കുടുംബത്തിനു സ്വന്തമായി സ്ഥലമില്ല. സംഭവം അറിഞ്ഞതോടെ യൂത്ത് കെയർ പ്രവർത്തകർ സ്ഥലത്തെത്തി. തന്റെ പറമ്പിൽ പാറയുളള ഭാഗം വിട്ടു നൽകാൻ ഒരാൾ തയാറായി. എന്നാൽ സ്ഥലം വന്നു കണ്ട സിവിൽ എൻജിനീയർമാർ പാറപ്പുറത്ത് സെപ്റ്റിക് ടാങ്ക് നിർമിക്കാനാവില്ലെന്നും വീടുപണി അപ്രായോഗികമാണെന്നും ചൂണ്ടിക്കാട്ടി പിന്തിരിഞ്ഞു. പിന്നീട് എരുമേലിയിൽ നിന്നെത്തിയ സിവിൽ എൻജിനീയർ അനീഷ് പനച്ചേയിൽ പറഞ്ഞപ്രകാരം നിർ‍മാണം പുരോഗമിച്ചു.

രാസവസ്തു ഉപയോഗിച്ചു കുറെ പാറ നീക്കം ചെയ്തു. എന്നാൽ പാറ അടിയിലേക്കു നീണ്ടു കിടന്നതോടെ ജോലി ശ്രമകരമായി. പിന്നീടു വാശിയായി. പാറയുടെ ഏറ്റവും മുകൾഭാഗത്ത് കോൺക്രീറ്റും കമ്പിയും ഉപയോഗിച്ചു ബെൽറ്റ് വാർത്ത ശേഷം കട്ടകൾ കെട്ടി. പാറമേൽ ശുചിമുറി നിർമിച്ചാൽ സെപ്റ്റിക് ടാങ്ക് സാധ്യമാവില്ലെന്നു മനസ്സിലാക്കിയതോടെ കെട്ടിടത്തിന്റെ 50 അടി വിസ്തീർണത്തിൽ ചതുരക്കളമുണ്ടാക്കി മണ്ണു നിറച്ചു. സെപ്റ്റിക് ടാങ്കിൽ എത്തുന്ന വെള്ളം പുറത്തേക്കു പോകാൻ കുഴലും സ്ഥാപിച്ചു. വീടിന്റെ താഴ്ഭാഗത്തെ പാറയിലും മുറികളുണ്ടാക്കി.

പൊട്ടിക്കാൻ കഴിയാത്ത പാറഭാഗങ്ങൾ മുറിക്കുള്ളിൽ ബെഞ്ചും മേശയുമാക്കി മാറ്റി ടൈൽ പാകി. പാറപ്പുറത്തെ വീടിന്റെ മുകൾ നിലയിൽ നിന്നു താഴത്തെ നിലയിലേക്കു വരാൻ പുറത്തു നടകളും കെട്ടി. യൂത്ത് കെയർ സംസ്ഥാന ചെയർമാൻ ബിനു മറ്റക്കര, ഷെഹിം വിലങ്ങുപാറ എന്നിവരാണു വീട് നിർമാണത്തിനു നേതൃത്വം നൽകിയത്. അമ്മയും മകനും ഭാര്യയും 3 പെൺമക്കളുമാണു വീട്ടിൽ താമസിക്കുന്നത്.

താക്കോൽ ദാന ചടങ്ങ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിർവഹിച്ചു. ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, പ്രകാശ് പുളിക്കൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!