ഹരിത കൃഷിയൊരുക്കി വിജയം വരിച്ച ഫാ. ഇമ്മാനുവേൽ മടുക്കക്കുഴിയെ ലോക പരിസ്ഥിതി ദിനത്തിൽ ആദരിച്ചു

കാഞ്ഞിരപ്പള്ളി : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീ ക്വീൻസ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിവിധ വൃക്ഷത്തൈകളുടെ വിതരണവും, മേരീ ക്വീൻസ് മിഷൻ ആശുപത്രിയുടെ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും, മികച്ച പരിസ്ഥിതി സ്നേഹികളെ ആദരിക്കൽ ചടങ്ങും നടത്തി.

ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൃക്ഷത്തൈകളുടെ വിതരണ ഉദ്‌ഘാടനം കേരള പോലീസ് ബറ്റാലിയൻ 5 അസി. കമാൻഡന്റ് പി. ഒ റോയ് നിർവ്വഹിച്ചു. ആശുപത്രിയിൽ എത്തിയ മുന്നൂറിലധികം രോഗികൾക്ക് ചന്ദനം, ആര്യവേപ്പ്, സീതപ്പഴം, നെല്ലി തുടങ്ങി പത്തിലധികം ഇനങ്ങളിലുള്ള ഔഷധ, ഫല വൃക്ഷതൈകളാണ് വിതരണം ചെയ്‌തത്.
ആശുപത്രിയുടെ മേൽനോട്ടത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി നടത്തുന്ന വിവിധ പരിസ്ഥിതി അവബോധന പ്രവർത്തനങ്ങൾ, ആശുപത്രിക്കുള്ളിൽ നടപ്പാക്കുന്ന വിവിധ പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ എന്നിവയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് അംഗവും ഹരിത കേരളാ മിഷൻ അംഗവുമായ കുമാരി. അനുപമ നിർവ്വഹിച്ചു.

കൂവപ്പള്ളി സെന്റ് ജോസഫ് ഇടവകയിൽ വികാരിയായി സേവനം ചെയ്യവേ, കൂവപ്പള്ളി ദേവാലയപരിസരത്ത് പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങളുടെ ഭാഗമായി മനോഹരമായ ഉദ്യാനവും മാതൃകാ ഹരിത കൃഷിത്തോട്ടവുമൊരുക്കി വിജയം വരിച്ച ഫാ. ഇമ്മാനുവേൽ മടുക്കക്കുഴിയെ ചടങ്ങിൽ ആദരിച്ചു.പാറത്തോട് ഗ്രാമ പഞ്ചായത്ത് മെമ്പർ സിയാദ്, ഹോസ്‌പിറ്റൽ പി.ആർ.ഒ ജോജോ, മിനു, സോണി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

error: Content is protected !!