കപ്പ വില കുതിക്കുന്നു .. 45 കടന്ന് അമ്പതിലേക്ക് .. ആമസോണിൽ രണ്ടുകിലോ കപ്പക്ക് അഞ്ഞൂറ് രൂപ
കാഞ്ഞിരപ്പള്ളി :കഴിഞ്ഞ സീസണിലെ വിലത്തകർച്ച മറികടന്ന് കപ്പ കർഷകർക്ക് ഏറെ സന്തോഷമേകികൊണ്ട് നാടൻ പച്ചക്കപ്പയുടെ വില കുതിക്കുകയാണ്. കഴിഞ്ഞ സീസണിൽ മധ്യകേരളത്തിൽ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്ന നിലയിൽ നിന്നും, കരകയറിയ കപ്പക്ക് നഗര പ്രദേശങ്ങളിൽ 50 രൂപക്ക് അടുത്താണ് ഇപ്പോൾ വില. ചുരുങ്ങിയ ദിവസംകൊണ്ട് 25 മുതൽ 27 രൂപ വരെയാണു കപ്പയുടെ വില കൂടിയത്. രണ്ട് മാസം മുമ്പ് വരെ വലിയ വിലത്തകർച്ചയിൽ കർഷകർ നട്ടം തിരിഞ്ഞ സ്ഥിതി പൂർണമായും മാറിക്കഴിഞ്ഞു. ഓൺലൈൻ വിൽപ്പനയിലും കപ്പവില കുതിക്കുകയാണ്. ആമസോണിൽ രണ്ടുകിലോ കപ്പയുടെ വില അഞ്ഞൂറ് രൂപവരെയെത്തി .
ഗ്രാമീണ മേഖലയിൽ കിലോഗ്രാമിനു 35 മുതൽ 40 രൂപ വരെയാണ് കപ്പക്ക് വില. അതേസമയം, നഗരപ്രദേശങ്ങളിൽ 45 രൂപക്ക് മുകളിലേക്കാണ് വില. ഗുണമേന്മയ്ക്കനുസരിച്ച് വ്യത്യാസമുണ്ടാകും. ഇപ്പോൾ വലിയ മേന്മയില്ലാത്ത കപ്പക്ക് പോലും 40 രൂപ വരെ നൽകണം. രണ്ട് മാസം മുമ്പ് വരെ വലിയ വിലത്തകർച്ചയിൽ കർഷകർ നട്ടം തിരിഞ്ഞപ്പോഴാണ് ഇപ്പോഴത്ത ഈ വർദ്ധന. കഴിഞ്ഞ സീസണിൽ മധ്യകേരളത്തിൽ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്നിരുന്നു. അതോടെ കപ്പ കർഷകർ പലരും ദുരിതത്തിലായി. വില ഇടിഞ്ഞതിനാൽ പലരും വിളവ് പോലും എടുത്തില്ല. വിളവെടുക്കുന്ന തുക പോലും ആദായമായി ലഭിക്കാത്തതായിരുന്നു കാരണം.
എന്നാലിപ്പോൾ നല്ല വില ലഭിച്ചു തുടങ്ങിയതോടെ കർഷകരും സന്തോഷത്തിലാണ്. മുന്തിയ ഇനം കപ്പക്ക് നല്ല വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. ഹോട്ടലിലും കപ്പ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയായി. അതേസമയം, കപ്പയുടെ ലഭ്യത വളരെ കുറഞ്ഞതാണ് വില കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷം വില വല്ലാതെ കുറഞ്ഞതോടെ പലരും കപ്പ കൃഷി ചെയ്യുന്നതിൽ നിന്ന് പിൻവാങ്ങിയിരുന്നു. ഇതോടൊപ്പം പ്രതികൂല കാലാവസ്ഥയും ചതിച്ചതോടെ വിപണിയിലേക്ക് ആവശ്യത്തിന് കപ്പ എത്താതെയായി. വിപണി സജീവമായപ്പോൾ രണ്ടുവർഷത്തെ നഷ്ടം നികത്താനുള്ള അവസരമാണെന്നും വ്യാപാരികൾ പറയുന്നു.
ഏതാനും മാസങ്ങൾ കൊണ്ട് കപ്പയുടെ വില കിലോഗ്രാമിന് 20 രൂപയിൽനിന്ന് 45 ആയാണ് ഉയർന്നത്. ഈ വിലയ്ക്കുപോലും പല സ്ഥലത്തും കപ്പ കിട്ടാത്ത സ്ഥിതിയുമുണ്ട്. മുൻവർഷത്തെ രൂക്ഷമായ വിലയിടിവിനൊപ്പം കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും കൂടിയായതോടെ കൃഷി കുറഞ്ഞതാണ് കപ്പവില കൂടാൻ കാരണം. മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതും ഇതിന് ആക്കം കൂട്ടി. അടുത്ത കാലത്തെ ഏറ്റവും വലിയ വിലയാണിപ്പോൾ കപ്പക്ക് ലഭിക്കുന്നത്. ഇപ്പോഴത്തെ വില വർധനവ് ഏറ്റവുമധികം ബാധിക്കുക കപ്പകൊണ്ടുള്ള വിഭവങ്ങൾ നിർമിക്കുന്നക്കുന്നവരെയാണ്. മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമിക്കാനായി വലിയ വില നൽകി സംഭരിക്കേണ്ടി വരുന്നത് അവരെ സംബന്ധിച്ച് വെല്ലുവിളിയാണ്. സംഭരണത്തെയും വിലക്കയറ്റം പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ സീസണിൽ കപ്പയുടെ മൊത്തവില എട്ടുരൂപവരെയായി താഴ്ന്നിരുന്നു. അന്ന് 15 മുതൽ 20 രൂപയ്ക്ക് വരെയായിരുന്നു ചില്ലറവിൽപ്പന. വാങ്ങാൻ ആളില്ലാതെ വന്നപ്പോൾ കിട്ടിയ വിലയ്ക്ക് കപ്പ വിൽക്കാൻ കർഷകർ നിർബന്ധിതരായി. ഗ്രാമ പ്രദേശങ്ങളിൽ പല സ്ഥലത്തും ചെറിയ വിലക്കാണ് കപ്പ വിറ്റുതീർത്തത്. പലർക്കും നേരിട്ട് വിൽപ്പനക്ക് ഇറങ്ങേണ്ട സ്ഥിതി പോലും ഉണ്ടായി. കൃഷിക്കായി ചെലവാക്കിയ തുകപോലും കിട്ടാതെ വന്നു. കൂലി വർധനവും രാസവളത്തിന്റെ വിലക്കൂടുതലും കൃഷി നാശവും കൂടിയായപ്പോൾ കർഷകന്റെ കാര്യം അവതാളത്തിലായി. അതോടെ പലരും മാറി ചിന്തിക്കാൻ നിർബന്ധിതരായി
ഈ വർഷം ജനുവരിയിൽ ഒരുകിലോഗ്രാം കപ്പയ്ക്ക് കൃഷിക്കാരന് കിട്ടിയിരുന്നത് 8 മുതൽ 10 രൂപവരെയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ സമാനമായ പ്രവണതയായിരുന്നു. ഫെബ്രുവരിയിൽ 10-15 എന്ന നിലയിൽനിന്ന് 20 രൂപയായി. മേയ് മാസത്തിൽ ചില ഭാഗങ്ങളിൽ ഇത് 30 വരെ എത്തിയിരുന്നു. 2020 മാർച്ച് മുതൽ ലോക്‌ഡൗൺ കാലത്ത് വൻതോതിൽ കർഷകർ കപ്പക്കൃഷി നടത്തിയിരുന്നു. അതിന്റെ വിളവെടുപ്പ് നടന്നപ്പോൾ വൻതോതിൽ കപ്പ വിപണിയിലെത്തി. ഇതോടെ വിലയിടിഞ്ഞു.
രണ്ടുവര്‍ഷമായി കപ്പയ്ക്കു വില കുറഞ്ഞുനിന്നത് കര്‍ഷകരെ വിളയിറക്കുന്നതില്‍നിന്ന് പിന്തിരിപ്പിച്ചിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് കപ്പ സംഭരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത്. എന്നാല്‍ ഇപ്പോള്‍ സംഭരണം നിര്‍ത്തി. കപ്പ വാങ്ങാനാളില്ലാതെ വന്നപ്പോഴാണ് പ്രതിസന്ധി ഒഴിവാക്കാനായി കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും ചേര്‍ന്ന് കര്‍ഷകരില്‍നിന്നും കിലോയ്ക്ക് 12 രൂപയ്ക്ക് കപ്പ സംഭരിച്ചത്. കര്‍ഷകര്‍ക്ക് ആദ്യം ആറുരൂപ നല്‍കിയെങ്കിലും പത്തനംതിട്ട ജില്ലയില്‍ അടക്കം ബാക്കി ആറുരൂപ പലര്‍ക്കും കിട്ടാനുമുണ്ട്. സംഭരിച്ച കപ്പ ഉണക്കിയും വാട്ടിയും വിവിധ ഉത്പന്നങ്ങളാക്കി വിതരണംചെയ്തു. ഹോര്‍ട്ടികോര്‍പ്പ് കപ്പ ഉണക്കി സപ്ലൈകോ കിറ്റിലാക്കാന്‍ ശ്രമിച്ചെങ്കിലും പദ്ധതി പരാജയമായിരുന്നു.