ഈരാറ്റുപേട്ട-വാഗമൺ റോഡ് പ്രവൃത്തി മേൽനോട്ടത്തിന് ഐ.എ.എസ്. ഉദ്യോഗസ്ഥന് ചുമതല
ഈരാറ്റുപേട്ട : പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കരാറുകാരൻ വീഴ്ചവരുത്തിയത്തിനെ തുടർന്ന് ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ പ്രവൃത്തി യുടെ മേൽനോട്ടത്തിന് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
പ്രവൃത്തിയിൽ വേണ്ടത്ര പുരോഗതിയുണ്ടായില്ലെങ്കിൽ കരാറുകാരനെ നീക്കംചെയ്യും. ഇതേ കരാറുകാരന്റെ നഷ്ട ഉത്തരവാദിത്വത്തിൽ തന്നെ പ്രവൃത്തി പൂർത്തീകരിക്കാനും പൊതുമരാമത്തു ചട്ടപ്രകാരം കരാറുകാരനെതിരേ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
പ്രവൃത്തിയുടെ പുരോഗതി ഐ.എ.എസ്. ഉദ്യോഗസ്ഥൻ അനുദിനം വിലയിരുത്തും. ചീഫ് എൻജിനീയറും പ്രവൃത്തി നിരീക്ഷിക്കും. കോട്ടയം, ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാന പാതകളിൽ ഒന്നാണിത്. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ദിവസേന ആശ്രയിക്കുന്ന ഈ റോഡ് പ്രവൃത്തി നടത്താത്തതിനാൽ ദീർഘകാലമായി ഗതാഗതയോഗ്യമായിരുന്നില്ല. തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ 19.90 കോടി രൂപ നവീകരണത്തിന് അനുവദിച്ചത്.
2022 ഓഗസ്റ്റ് 24 പൂർത്തീകരണ കാലാവധി. മേയ് 15-ഓടെ 10 കിലോമീറ്റർ പൂർത്തീകരിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ സർക്കാർ ഉദ്ദേശിച്ച പ്രാധാന്യത്തോടെ പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നതിൽ കരാറുകാരൻ വേണ്ടത്ര പ്രാധാന്യം നൽകിയില്ല. സ്ഥലം എം.എൽ.എ.യും പ്രദേശവാസികളും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയ കാര്യം മാധ്യമങ്ങൾ പല ദിവസങ്ങളായി റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം ശ്രദ്ധകൊടുക്കലിനെ തുടർന്നാണ് ഐ.എ.എസ്. ഉദ്യോഗസ്ഥന് മേൽനോട്ടച്ചുമതല നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.