മുണ്ടക്കയത്ത് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കും: എംഎൽഎ
മുണ്ടക്കയം: മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലും ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകൾ ഒരു മേൽക്കൂരയ്ക്കു കീഴിൽ എത്തിക്കുന്നതിനും അതുവഴി മെച്ചപ്പെട്ട സർക്കാർ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി മുണ്ടക്കയത്ത് എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം പുത്തൻചന്തയിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്താണ് സിവിൽ സ്റ്റേഷൻ സ്ഥാപിക്കുക.
മുണ്ടക്കയം സബ് ട്രഷറി, ഐസിഡിഎസ് ഓഫീസ്, കൃഷിഭവൻ, ഗവണ്മെന്റ് വെറ്ററിനറി പോളി ക്ലിനിക്, ഗവണ്മെന്റ് ഹോമിയോ ആശുപത്രി, വാട്ടർ അഥോറിറ്റി സെക്ഷൻ ഓഫീസ്, ഇലക്ട്രിസിറ്റി ബോർഡ് സെക്ഷൻ ഓഫീസ് എന്നീ ഓഫീസുകളാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിന് ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ കോണ്‍ഫറൻസ് ഹാൾ, പൊതുജനങ്ങൾക്ക് വിശ്രമമുറി തുടങ്ങി അനുബന്ധ സൗകര്യങ്ങളും, കൂടാതെ ഭാവിയിലേക്ക് പുതിയ ഓഫീസുകൾ സ്ഥാപിക്കപ്പെടുന്ന പക്ഷം അവയ്ക്ക് കൂടിയുള്ള സൗകര്യങ്ങൾ സജ്ജമാക്കി മിനി സിവിൽ സ്റ്റേഷൻ രൂപകല്പന ചെയ്യുന്നതിന് ഉദ്ദേശിക്കുന്നതായും എംഎൽഎ അറിയിച്ചു.
ഇതുസംബന്ധമായി പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിനു പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരെ ചുമതലപ്പെടുത്തി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു തഹസിൽദാർക്ക് നിർദേശം നൽകി. പുതിയ നിർദിഷ്ട മിനി സിവിൽ സ്റ്റേഷനിലേക്ക് മാറുന്നതിന് നിർദേശിക്കപ്പെട്ടിട്ടുള്ള വിവിധ ഡിപ്പാർട്ട്മെന്റുകളോട് അവർക്ക് ആവശ്യമായ സൗകര്യങ്ങൾ സംബന്ധിച്ച് 20നകം വിവരങ്ങൾ നൽകണമെന്നും, 30ന് മുന്‍പായി ഡിസൈനും പ്ലാനും എസ്റ്റിമേറ്റും തയാറാക്കേണ്ടതാണെന്നും യോഗത്തിൽ തീരുമാനിച്ചു. തുടർന്ന് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുക അനുവദിച്ച് മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കുമെന്നും എംഎൽഎ അറിയിച്ചു. സ്ഥലലഭ്യത ഉൾപ്പെടെയുള്ള ഇതര ക്രമീകരണങ്ങൾ മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
മുണ്ടക്കയം പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.