നമ്മുടെ രേവതി മോൾക്ക് ദേശീയ യോഗ മത്സരത്തിൽ സ്വർണ മെഡൽ.. അഭിമാനത്തോടെ എരുമേലി ..
എരുമേലി : പരിമിതമായ ജീവിത സാഹചര്യങ്ങളെ മറികടന്ന് ജന്മനാടായ എരുമേലിയുടെ മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ അഭിമാനമായി മാറി കഴിഞ്ഞു മണിപ്പുഴ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ് -രാജി ദമ്പതികളുടെ മകളായ രേവതി രാജേഷ് എന്ന കൊച്ചുമിടുക്കി. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന നാഷണൽ യോഗ ഒളിമ്പ്യാഡിൽ രേവതി ഉൾപ്പെടുന്ന നാലുപേർ അടങ്ങിയ പെൺകുട്ടികളുടെ ടീം ഒന്നാം സ്ഥാനത്ത് എത്തി സ്വർണമെഡൽ നേടി. വെൺകുറിഞ്ഞി എസ്എൻഡിപി ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് രേവതി രാജേഷ് .
ഇക്കഴിഞ്ഞ 30 ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗാ ഒളിമ്പ്യാഡിൽ സ്വർണ മെഡൽ നേടിയാണ് രേവതി ദേശീയ തലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടിയത്. ജൂൺ 15 നാണ് രേവതി ഉൾപ്പെട്ട കേരളാ യോഗാ ടീം ട്രെയിനിൽ ഡൽഹിയിലേക്ക് യാത്ര തിരിച്ചത് . അഗ്നിപഥ് പ്രക്ഷോപം മൂലം യാത്ര ഇടയ്ക്ക് തടസപ്പെട്ടെങ്കിലും, സുരക്ഷിതമായിസി ടീം ഡൽഹിയിൽ എത്തിച്ചേർന്നിരുന്നു.
2019 ൽ ഡൽഹിയിൽ നടന്ന ദേശീയ തലത്തിൽ യോഗയിൽ സ്വർണം നേടിയ രേവതിക്ക് ഇത് രണ്ടാം തവണയാണ് സ്വർണം ലഭിക്കുന്നത്
നിരവധി ബഹുമതികൾ യോഗയിൽ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള രേവതിക്ക് മികച്ച പ്രോത്സാഹനം ലഭിച്ചാൽ ഇനിയും കൂടുതൽ ഉയർന്ന വിജയങ്ങളിലേക്കെത്തുമെന്ന് സ്കൂൾ പരിശീലകയായ റെജിമോൾ ടീച്ചർ പറയുന്നു.