എരുമേലി സർക്കാർ ആശുപത്രിക്ക് ശാപമോഷം അകലെ .. ചികിത്സ വൈകുന്നേരം വരെ മാത്രം.. ദുരിതക്കയത്തിൽ രോഗികൾ ..
എരുമേലി : സർക്കാർ ആശുപത്രിയിൽ വൈകുന്നേരത്തോടെ ചികിത്സ തീരുന്നത് പരിഹരിക്കാൻ വഴികൾ തേടി തീരുമാനമാകാതെ മാനേജിങ് കമ്മറ്റി യോഗം. സാമൂഹിക ആരോഗ്യ കേന്ദ്രം ആയതിനാൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാവില്ലെന്നും ആശുപത്രിയുടെ പദവി ഉയർത്താതെ ചികിത്സയുടെ പരിമിതികൾ പരിഹരിക്കാൻ കഴിയില്ലെന്നും പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.
എരുമേലി പഞ്ചായത്തിനു പുറമേ വെച്ചൂച്ചിറ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് ദിവസേന ഇവിടെ എത്തുന്നത്. ശബരിമല തീർഥാടകർ അടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന ആശുപത്രിയുടെ പദവി ഉയർത്തി ജനറൽ ആശുപത്രി ആക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
നിലവിൽ ശബരിമല സീസണിൽ മാത്രമാണ് ആശുപത്രിയിൽ 24 മണിക്കൂർ സേവനമുള്ളത്. ബാക്കി പത്ത് മാസവും ദിവസവും വൈകുന്നേരം കൊണ്ട് ചികിത്സ അവസാനിക്കും. കിടത്തി ചികിത്സക്കും മറ്റുമായി കെട്ടിടങ്ങളും ആധുനിക ഉപകരണങ്ങളും ആംബുലൻസ് സേവനവും ഉണ്ടായിട്ടും വൈകുന്നേരം വരെ മാത്രമായി ചികിത്സ മാറുകയാണ്. ശബരിമല തീർത്ഥാടന കേന്ദ്രം ആയിട്ടും ആശുപത്രിയുടെ പദവി ഉയർത്താൻ കഴിഞ്ഞിട്ടില്ല എന്നത് ജനപ്രതിനിധികളുടെ കഴിവുകേടാണെന്ന് ജനങ്ങൾ പറയുന്നു..
നിലവിലെ സാഹചര്യത്തിൽ, വരുന്ന പത്ത് വർഷത്തിനുള്ളിൽ പദവി ഉയർത്തലിന് സാധ്യത ഇല്ലെന്ന് ആരോഗ്യ വകുപ്പ് ഉദോഗസ്ഥൻ പറയുന്നു . . ഒരു ലക്ഷം രൂപ ശമ്പളം നൽകി ഒരു ഡോക്ടറെ നിയമിച്ച് തൽക്കാലത്തേക്ക് പരിഹാരത്തിന് ശ്രമിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ.
സംസ്ഥാനത്ത് രണ്ടാം തവണ തുടർ ഭരണവും ത്രിതല പഞ്ചായത്ത് ഉൾപ്പടെ ഭരണവും ഇടതുപക്ഷത്തിനായിട്ടും ഇതുവരെ ആശുപത്രി ശരിയാക്കാൻ കഴിയാത്തത് പരാജയമല്ലേയെന്ന് പ്രതിപക്ഷ പാർട്ടികളിലെ ജനപ്രതിനിധികൾ. എരുമേലിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം സംബന്ധിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചേർന്ന യോഗമാണ് വിവിധ മാർഗങ്ങളെക്കുറിച്ച് ആലോചിച്ചിട്ടും വ്യക്തമായ തീരുമാനം കാണാനാവാതെ പിരിഞ്ഞത്.
പദവി കൂട്ടാതെ മാർഗമില്ല.
സാമൂഹിക ആരോഗ്യ കേന്ദ്രമായതിന്റെ പരിമിതികൾ മൂലം 24 മണിക്കൂർ ചികിത്സ ഉറപ്പാക്കാൻ കഴിയില്ലെന്ന് എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഇത് മൂലം ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സേവനം നൽകാൻ കഴിയുന്നില്ലന്നും ആശുപത്രിയുടെ പദവി ഉയർത്തുകയല്ലാതെ മറ്റ് പോംവഴി ഇല്ലെന്നും എംഎൽഎ പറഞ്ഞു. പദവി ഉയർത്താൻ കഴിയുമോയെന്ന് ശ്രമിക്കും. അതിനായി ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പദവിയുടെ സാധ്യത കുറവ്.
പദവി ഉയർത്തലിന് സാധ്യത കുറവാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന് പദ്ധതി തയ്യാറാക്കാൻ മുമ്പ് വകുപ്പ് ഡയറക്ടർ നിർദേശം നൽകിയിരുന്നെന്നും എന്നാൽ തുടർ നടപടികൾ ആരംഭിച്ചെങ്കിലും പദവി ഉയർത്തൽ ഉടനെ നടക്കില്ലെന്നുമാണ് അറിയാൻ കഴിഞ്ഞതെന്നും ജില്ലാ തല ഉദ്യോഗസ്ഥർ പറഞ്ഞു.
ചികിത്സ നീട്ടാൻ ഒരു ഡോക്ടറെ കൂടി.
നിലവിലുള്ള ഡോക്ടർമാർക്ക് പുറമെ ഒരു ഡോക്ടറെ ബ്ലോക്ക് പഞ്ചായത്ത് നിയോഗിച്ച് വൈകുന്നേരം മുതൽ രാത്രി വരെയെങ്കിലും ചികിത്സ തുടരാനുള്ള ക്രമീകരണം ആലോചിക്കുമെന്ന് പ്രസിഡന്റ് അജിത രതീഷ് യോഗത്തിൽ പറഞ്ഞു. ഇതിനായി ഒരു മാസം വേതനം നൽകാൻ ഒരു ലക്ഷം രൂപ നൽകാനാണ് ആലോചിക്കുന്നത്. താൽക്കാലിക സംവിധാനം എന്ന നിലയ്ക്കാണ് ഇക്കാര്യം പരിഗണിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയിൽ ആലോചിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.
അടിസ്ഥാന വികസനമുണ്ട്.
ആശുപത്രിയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടുകൾ നൽകിയിട്ടുണ്ടെന്നും ഇപ്പോൾ 30 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ടെന്നും ജീവനക്കാരുടെ ക്വാർട്ടേഴ്സ് അടക്കം നവീകരണം നടത്തുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അറിയിച്ചു. കെട്ടിടവും സ്ഥലവുമുള്ള സബ് സെന്ററുകളുടെ വികസനവും നടപ്പിലാക്കും. ആശുപത്രിയുടെ പദവി ഉയർത്താൻ സർക്കാരിനും ആരോഗ്യ വകുപ്പിനും ശുപാർശ നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു. ആശുപത്രിയിലേക്കുള്ള റോഡ് പുനർ നിർമാണത്തിന് ഏഴ് ലക്ഷം രൂപ നൽകുമെന്ന് എംഎൽഎ പറഞ്ഞു.
സേവനം സീസണിൽ മാത്രം.
നിലവിൽ ശബരിമല സീസണിൽ മാത്രമാണ് ആശുപത്രിയിൽ 24 മണിക്കൂർ സേവനമുള്ളത്. ബാക്കി പത്ത് മാസവും ദിവസവും വൈകുന്നേരം കൊണ്ട് ചികിത്സ അവസാനിക്കും. കിടത്തി ചികിത്സക്കും മറ്റുമായി കെട്ടിടങ്ങളും ആധുനിക ഉപകരണങ്ങളും ആംബുലൻസ് സേവനവും ഉണ്ടായിട്ടും വൈകുന്നേരം വരെ മാത്രമായി ചികിത്സ മാറുകയാണ്. ശബരിമല തീർത്ഥാടന കേന്ദ്രം ആയിട്ടും ആശുപത്രിയുടെ പദവി ഉയർത്താൻ കഴിഞ്ഞിട്ടില്ല.
ആദ്യ കാലത്ത് എല്ലാമുണ്ടായിരുന്നു.
വർഷങ്ങൾക്ക് മുമ്പ് ആശുപത്രിയുടെ തുടക്ക കാലത്ത് പ്രസവ ചികിത്സ, പോസ്റ്റ്മോർട്ടം, ഗൈനക്കോളജി, കിടത്തി ചികിത്സ, ഉൾപ്പടെ സേവനം വിപുലമായ നിലയിൽ ലഭിച്ചിരുന്നു.
പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി ആധുനിക നിലവാരത്തിലേക്ക് കെട്ടിടങ്ങൾ മാറ്റിയപ്പോൾ ചികിത്സ ഉൾപ്പടെ സേവനം മാത്രം പരിമിതികളിലായി മാറുകയായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്ത് കൂടിയായ എരുമേലിയിൽ ആയിരകണക്കിന് ആളുകൾ ആണ് മെച്ചപ്പെട്ട ചികിത്സയുടെ അഭാവം മൂലം വർഷങ്ങളായി പ്രയാസം നേരിട്ടുകൊണ്ടിരിക്കുന്നത്. ഒട്ടേറെ സമരങ്ങളും നിയമ വ്യവഹാരങ്ങളും നടന്നിട്ടും ഇതിന് മാറ്റം നൽകാനായിട്ടില്ല.
ആശുപത്രിയിൽ നടന്ന മാനേജിങ് കമ്മറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജൂബി അഷറഫ്, റ്റി എസ് കൃഷ്ണകുമാർ, മാഗി ജോസഫ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പ്രിയ, ഡിപിഎം ഓഫിസർ അജയമോഹൻ,
പഞ്ചായത്ത് അംഗങ്ങളായ വി ഐ അജി, നാസർ പനച്ചി, രാഷ്ട്രീയ നേതാക്കളായ സഖറിയ ഡോമിനിക്, പി കെ അബ്ദുൽ കരീം, അനിയൻ എരുമേലി, റ്റി വി ജോസഫ്, മാനേജിങ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.