പീഡനക്കേസിൽ പി.സി.ജോർജിന് ജാമ്യം

 സോളർ കേസ് പ്രതി നൽകിയ പീഡനപരാതിയിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി.ജോര്‍ജിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

മതവിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയായ പി.സി.ജോർജ് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കോടതി നൽകിയ ജാമ്യവ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും നിലവിൽ 9 കേസുകളില്‍ പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു.

എന്നാൽ, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും പ്രതിഭാഗം വാദിച്ചു. അവര്‍ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയിട്ടുണ്ട്. കർട്ടനു പിന്നിൽ മറ്റ് പലരുമാണ്. പരാതിക്കാരിയെക്കൊണ്ട് കള്ളപ്പരാതി നൽകുകയായിരുന്നുവെന്നും ജോർജിന്റെ അഭിഭാഷകന്‍ വാദിച്ചു. പി.സി.ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മർദമുണ്ട്. അദ്ദേഹത്തെ ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു. 

പരാതിയുണ്ടോയെന്ന് കോടതി ജോര്‍ജിനോട് ചോദിച്ചു. തന്നെ ക്രൈംബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിച്ചു വരുത്തിയത്. ഇത്തരം ഒരു പരാതി ഉള്ള കാര്യം താൻ അറിയുകയോ അറിയിക്കുകയോ ചെയ്തില്ല. തനിക്ക് നിയമ നടപടികൾക്കുള്ള സമയം ലഭിച്ചില്ല. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കോടതിയോട് ജോർജ് പറഞ്ഞു.

error: Content is protected !!