കാഞ്ഞിരപ്പള്ളിയിൽ രണ്ടുതലമുറകളുടെ പ്രസവ ശുശ്രൂഷകൾ നിർവഹിച്ച ഡോ. അച്ചാമ്മ ചാണ്ടിയെ ഡോക്ടഴ്സ് ദിനത്തിൽ ആദരിച്ചു
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി ഗൈനക്കോളജി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചുവരുന്ന കാഞ്ഞിരപ്പള്ളി റാണി ആശുപത്രിയുടെ സ്ഥാപക ഉടമകളിൽ ഒരാളായ, കിഴക്കൻ കേരളത്തിലെ ആദ്യകാല ഗൈനക്കോളജിസ്റ്റ് ഡോ. അച്ചാമ്മ ചാണ്ടിയെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഇടവക വികാരി ഡോ. സേവ്യർ കൊച്ചുപറമ്പിലും, പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ബേബിച്ച എർത്തയിലും ചേർന്ന് ആദരിച്ചു . കാഞ്ഞിരപ്പള്ളി മേഖലയിലെ രണ്ടു തലമുറകളുടെ പ്രസവ ശുശ്രൂഷകൾ സ്നേഹത്തോടെ നിർവഹിച്ച, അയ്യായിരത്തിൽ അധികം പ്രസവങ്ങൾ എടുത്ത, 93 വയസ്സ് പിന്നിട്ട അച്ചാമ്മ ഡോകട്ർ ഇന്നും നാട്ടുകാർക്ക് ഏറെ പ്രിയങ്കരിയാണ് .
കാഞ്ഞിരപ്പള്ളി കടമപ്പുഴ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിലും സേവനമനുഷ്ടിച്ചതിന് ശേഷം, 1970 ലാണ് ഡോ ചാണ്ടിയും, ഡോ. അച്ചാമ്മ ചാണ്ടിയും കാഞ്ഞിരപ്പള്ളിയിൽ റാണി ആശുപത്രി സ്ഥപിച്ചത്.
ചിട്ടയായ ജീവിതശൈലിയാണ് കോഴിക്കോടുകാരിയായ ഡോക്ടറുടെ ആരോഗ്യരഹസ്യം. ‘ ദിവസവും 4.30ന് ഉണരും. രണ്ടുമണിക്കൂർ പ്രാർഥന. തുടർന്ന് ചൂടുവെള്ളത്തിൽ കുളി. ശേഷം പാലും മുട്ടയും കഴിക്കും. 7.30ന് പത്രവായന. ഒമ്പതോടെ വിശാലമായ കാപ്പികുടി. പിന്നെ ആശുപത്രിയിലേക്ക്. പരിശോധനയ്‌ക്ക് ശേഷം 1.30ന് വിഭവസമൃദ്ധമായ ഉച്ചയൂണ്. വൈകിട്ട് നാലിന് ചായ. രാത്രി ഏഴിന് സൂപ്പ്. 7.30ന് അത്താഴമായി ഓട്സ്. എട്ടോടെ ഉറക്കം. ഇതിനിടെ തയ്യൽ, പൂന്തോട്ട പരിപാലനം, പച്ചക്കറികൃഷി എന്നിവയ്‌ക്കും സമയം കണ്ടെത്തും.’ 93ന്റെ ചുറുചുറുക്കുള്ള മറുപടി.
1952ൽ വെല്ലൂർ മെഡിക്കൽ കോളേജിൽനിന്നാണ് അച്ചാമ്മ എംബിബിഎസ് പാസായത്. തലവടി സ്വദേശിയായ ഡോ. ചാണ്ടിയുമായുള്ള വിവാഹശേഷം ആദ്യം കാഞ്ഞിരപ്പള്ളി കടമപ്പുഴ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിലും സേവനമനുഷ്ടിച്ചു.
‘ കോവിൽക്കടവിൽ വാടകയ്‌ക്കെടുത്ത ഇരുനിലക്കെട്ടിടത്തിലായിരുന്നു ഞങ്ങളുടെ ആദ്യ ആശുപത്രി. കഷ്ടപ്പാടിന്റെ നാളുകളായിരുന്നു അന്ന്. 1970 സെപ്തംബർ 16ന് ദേശീയപാത 183ന്റെ അരികിൽ മൂന്നേക്കറിൽ ഭർത്താവുമൊന്നിച്ച് ഇപ്പോഴത്തെ റാണി ആശുപത്രി തുടങ്ങി.
പുളിക്കത്തറ കുടുംബത്തിൽ മക്കളും മരുമക്കളും പേരക്കുട്ടികളുമായി 10 പേരാണ് ഡോക്ടർമാർ. ഡോ. ചാണ്ടി 20 വർഷം മുമ്പ് മരിച്ചു. സൂസൻ എബ്രഹാം, സന്തോഷ് ചാണ്ടി, സുമാ ചാണ്ടി, റാണി ചാണ്ടി, അനു ചാണ്ടി എന്നീ അഞ്ചുമക്കളും ഡോക്ടർമാർ. കൊച്ചുമക്കൾ വിവിധ രാജ്യങ്ങളിൽ മെഡിസിന് പഠിക്കുന്നു. അച്ചാമ്മയുടെ അച്ഛൻ എൻ എ എബ്രഹാം സർക്കാർ സർവീസിൽ ഡോക്ടറായിരുന്നു. മുത്തച്ഛനും ഡോക്ടറായിരുന്നു. അച്ചാമ്മയുടെ രണ്ട് സഹോദരിമാരും ഡോക്ടർമാരാണ്. മകന്റെ ഭാര്യ ഡോ. അൻസു റാണി ആശുപത്രിയിൽ ഗൈനക്കോളജിയിലുണ്ട്.