അമ്മയുടെ മരണത്തിൽ ദുരൂഹതയെന്ന് മകൾ : എട്ട് മാസം മുമ്പ് സംസ്കരിച്ച വയോധികയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.

മുക്കൂട്ടുതറ : എട്ട് മാസം മുമ്പ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ച വയോധികയുടെ മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് പോലീസിന്റെ നേതൃത്വത്തിൽ പരിശോധനയും പോസ്റ്റ്മോർട്ടവും നടത്തി. തീപ്പൊള്ളൽ ഏറ്റതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബർ 27 ന് മരണപ്പെട്ട മുട്ടപ്പള്ളി കുളത്തുങ്കൽ വീട്ടിൽ മാർത്ത മോശ (83) യുടെ മൃതദേഹമാണ് ഇന്നലെ മുട്ടപ്പള്ളി സിഎംഎസ് പള്ളിയിലെ സെമിത്തേരിയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടവും ഇൻക്വസ്റ്റും നടത്തിയ ശേഷം വിദഗ്ദ്ധ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചത്.

അമ്മയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന കാസർഗോഡ് സ്വദേശിനിയായ ഇളയ മകളുടെ പരാതിയിൽ കോട്ടയം ജില്ലാ പോലിസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു പോസ്റ്റ്മോർട്ടം ഉൾപ്പടെ നടപടികൾ നടന്നത്.

തിങ്കളാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച നടപടികൾ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അവസാനിച്ചത്. മണ്ണിൽ കുഴിയെടുത്ത് പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹം ജീർണിച്ചുകൊണ്ടിരിക്കുന്ന നിലയിലായിരുന്നു . . ശേഖരിച്ച സാമ്പിളുകൾ രാസ പരിശോധനയ്ക്ക് നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫലം ലഭിച്ച ശേഷം കേസിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇൻക്വസ്റ്റ് നടപടികൾക്ക്‌ എക്സിക്യൂട്ടീവ് മജിസ്‌ത്രേട്ട് എന്ന നിലയിൽ കാഞ്ഞിരപ്പള്ളി തഹസീൽദാർ കെ എം ജോസകുട്ടി നേതൃത്വം നൽകി. പോസ്റ്റ്മോർട്ടം ഉൾപ്പടെ പരിശോധനകൾ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ പോലിസ് ഫോറൻസിക് സർജന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടത്തിയത്.

അമ്മയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന കാസർഗോഡ് സ്വദേശിനിയായ ഇളയ മകളുടെ പരാതിയിൽ കോട്ടയം ജില്ലാ പോലിസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു പോസ്റ്റ്മോർട്ടം ഉൾപ്പടെ നടപടികൾ. വീട്ടിൽ വെച്ചാണ് അമ്മയ്ക്ക് പൊള്ളൽ ഏറ്റതെന്നും എന്നാൽ ഒരു ദിവസം കഴിഞ്ഞ് ആശാ പ്രവർത്തക ഇടപെട്ടാണ് ആശുപത്രിയിൽ എത്തിച്ചതെന്നും താൻ കാസർഗോഡ് താമസിക്കുന്നതിനാൽ സ്ഥലത്ത് ഇല്ലായിരുന്നെന്നും വൈകിയാണ് ഈ വിവരങ്ങൾ അറിഞ്ഞതെന്നും മകൾ നൽകിയ പരാതിയിൽ പറയുന്നു. പൊള്ളൽ ഏറ്റ വിവരം പോലീസിൽ അറിയിച്ചിരുന്നില്ലെന്നും ശരിയായ ചികിത്സ ലഭിക്കാതെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ വെച്ച് മരണപ്പെടുകയായിരുന്നെന്നും പോസ്റ്റ്മോർട്ടം നടത്താതെയാണ് സംസ്കാരം നടത്തിയതെന്നും പരാതിയിൽ പറയുന്നു. മരണത്തിൽ ദുരൂഹത സംശയിക്കുന്ന തരത്തിലുള്ള മറ്റ് വിവരങ്ങളും പരാതിയിൽ ലഭിച്ചിരുന്നു. പൊള്ളൽ ഏറ്റ ശേഷം മരണപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചത് പിഴവ് ആണെന്ന് പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായിരുന്നു. മൃതദേഹം പുറത്തെടുക്കുന്നത് കാണാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന പരാതിക്ക് പുറമെ സ്വത്ത്‌ തർക്കവും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

error: Content is protected !!