ബ്ലോക്കാണു സാർ കാഞ്ഞിരപ്പള്ളിയുടെ മെയിൻ!
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ വാഹനവുമായി എത്തുന്നവർക്ക് ക്ഷമ അത്യാവശ്യമാണ്. കാരണം കാഞ്ഞിരപ്പള്ളി പഞ്ചായത്തുവളവ് മുതൽ 26ാം മൈൽ വരെ എത്തണമെങ്കിൽ നിങ്ങൾ മണിക്കൂറോളം കാത്തുകിടക്കണം. ഇന്നലെ രാവിലെ 10ാടെ തുടങ്ങിയ ഗതാഗതക്കുരുക്കാണ് മണിക്കൂറോളം നീണ്ടുനിന്നത്. പഞ്ചായത്തുവളവ് മുതൽ 26ാം മൈൽ ജംഗ്ഷൻ വരെയാണ് വാഹനങ്ങൾ ഗതാഗതകുരുക്കിൽപ്പെട്ട് കിടന്നത്. ജനറൽ ആശുപത്രിയിലെയടക്കം നിരവധി ആംബുലൻസുകളും കുരുക്കിൽപ്പെട്ടു. ഇതിനിടെ കുരിശുങ്കൽ ജംഗ്ഷനിൽ രണ്ട് അപകടങ്ങളും നടന്നു. രാവിലെ 11ന് ടിപ്പറും കാറും കൂട്ടിയിടിച്ചും ഉച്ചയ്ക്ക് 12.30 ഓടെ കാർ ബൈക്കിലിടിച്ചും അപകടമുണ്ടായി. മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടോറസ് ലോറി കാറിൽ ഇടിക്കുകയായിരുന്നു. കാറിന്റെ ഒരുവശത്തെ വാതിലുകൾ തകർത്താണ് ലോറി നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
“നോ’ പാർക്കിംഗ്
ടൗണിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. വ്യാപാര സ്ഥാപനങ്ങളിലും മറ്റും എത്തുന്നവർ ടൗണിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ദേശീയപാതയിലെ രണ്ടു വരി ഗതാഗതം പോലും കൃത്യമായി നടത്താൻ കഴിയാത്ത സ്ഥിതിയാണ്. നോ പാർക്കിംഗ് ബോർഡിന്റെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്തിട്ട് പോയാലും പോലീസുകാർ നടപടി സ്വീകരിക്കാത്തതിനാൽ ടൗണിലെത്തുന്നവരെല്ലാം ദേശീയപാതയുടെ ഇരുവശങ്ങളിലും തോന്നുംപടി വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. നടപ്പാത കൈയേറിയ അനധികൃത പാർക്കിംഗ് വഴിയാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്. നടപ്പാത വിട്ട് റോഡിലൂടെ നടക്കേണ്ട സ്ഥിതിയിലാണ് കാൽനടയാത്രക്കാർ.
ബൈപാസ് വരും എല്ലാം ശരിയാകും
കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ സ്ഥലമേറ്റെടുക്കൽ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കാഞ്ഞിരപ്പള്ളി വില്ലേജില്‍ 41 സബ് ഡിവിഷനുകളിലായി 23 സര്‍വേ നമ്പറുകളില്‍പ്പെട്ട 32 പേരുടെ ഉടമസ്ഥതയിലുള്ള 8.64 ഏക്കര്‍ സ്ഥലം 24.76 കോടി രൂപ വിപണി വിലയായി നല്കി ഏറ്റെടുത്തിരുന്നു. നിര്‍മാണത്തിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതില്‍ മൂന്ന് സ്വകാര്യ വ്യക്തികളുടെ സമ്മത പത്രം ലഭിക്കാത്തതിനെ തുടർന്നാണ് ടെന്‍ഡര്‍ നടപടികള്‍ ഇപ്പോൾ വൈകുന്നത്. നിര്‍ദിഷ്ട ബൈപാസ് തുടങ്ങുന്ന പഞ്ചായത്ത് ഓഫീസ് പടിക്കലെ ദേശീയ പാതയോരത്ത് മൂന്നു പേരുടെ 6.25 സെന്റോളം സ്ഥലം കൂടി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. വില നിര്‍ണയം കഴിഞ്ഞ് ഉടമസ്ഥര്‍ക്ക് വില നിശ്ചയിച്ച് നല്കിയ ശേഷം 19 (1) വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ണമാകും. തുടര്‍ന്ന് ആര്‍ബിഡിസി ടെന്‍ഡര്‍ നടപടികളിലേക്കും കടക്കും. ബൈപാസ് യാഥാർഥ്യമായാല്‍ കാഞ്ഞിരപ്പള്ളി നഗരത്തിലെ കുരിശുങ്കല്‍ ജംഗ്ഷന്, ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്, പേട്ടക്കവല എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.