ആയിരം കൈകൾ ചേർന്നൊരുക്കിയ സ്വാതന്ത്ര്യ സമര സ്മരണകൾ 2500 ചതുരശ്രയടിയുള്ള ഒറ്റ ക്യാൻവാസിൽ..
കാഞ്ഞിരപ്പള്ളി: സ്വാതന്ത്ര്യസമരപോരാട്ട ചരിത്രത്തെ 2500 ചതുരശ്രയടിയുള്ള ഒറ്റ കാൻവാസിലൊരുക്കി വിദ്യാർഥികൾ. ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെന്റ് ഡൊമിനിക്‌സ് കോളേജിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്നാണ് ഹസാർ ഹാഥ് എന്ന പരിപാടി നടത്തിയത്.
പതിനേഴാം നൂറ്റാണ്ടിലെ അറ്റിങ്ങൽ കലാപംമുതൽ ഇന്ത്യൻ ഭരണഘടന ഉൾപ്പെടെ 75 ചരിത്രമൂഹൂർത്തങ്ങളെയാണ് വിദ്യാർഥികൾ ചായക്കൂട്ടിൽ പകർത്തിയത്.
കാഞ്ഞിരപ്പള്ളിക്കാരിയായ അക്കമ്മ ചെറിയാൻ, സമര നേതാക്കൾ, ചരിത്ര സംഭവങ്ങൾ, സ്വതന്ത്ര്യസമരത്തിലെ കേരളത്തിന്റെ സംഭാവനകൾ എന്നിവയ്ക്കും പ്രാധാന്യം നൽകിയിരുന്നു. കോളേജ് അങ്കണത്തിൽ നിരത്തിയ 500 അടി നീളമുള്ള കാൻവാസിലായിരുന്നു ചിത്രീകരണം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ വിഷയങ്ങൾ അവതരിപ്പിച്ചു.
ആദ്യ ഫ്രെയിമിൽ ചായം നൽകി പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് ഉദ്ഘാടനം ചെയ്തു.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ഗ്രാമപ്പഞ്ചായത്തംഗം ഡയസ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ടി.ജെ.മോഹനൻ, ചരിത്രവിഭാഗം മേധാവി ബിനോ പി.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടിക്ക് കോളേജ് മാനേജർ ഫാ.വർഗീസ് പരിന്തിരിക്കൽ, ഫാ.ഡോ. മനോജ് പാലക്കുടി, െപ്രാഫ. സോണി ജോസഫ്, പ്രൊഫ. നെൽസൺ കുര്യാക്കോസ്, പ്രൊഫ. ഹാരി സി.ജോസഫ്, എസ്.ജി.മഞ്ജുഷ, വിദ്യാർഥിപ്രതിനിധി ഫസിയ അൻസാരി തുടങ്ങിയവർ നേതൃത്വം നൽകി.