നാടുപേക്ഷിക്കുന്ന ചെറുപ്പക്കാർ; ‘ഓൾഡ് ഏജ് ഹോം’ ആകുന്ന കേരളം..

ന്യൂജെൻ ഭാഷയിൽ പറഞ്ഞാൽ കേരളത്തിൽ ഇപ്പോൾ ‘വൈറൽ’ ആയിക്കൊണ്ടിരിക്കുന്നു ഒരു കാര്യമുണ്ട്- യുവജനങ്ങളുടെ കുടിയേറ്റം. കേരളത്തിന്റെ വിരിമാറിലൂടെ സഞ്ചരിച്ചാൽ പാതയോരങ്ങൾ നിറയെ ‘സ്റ്റഡി എബ്രോഡ്- മൈഗ്രേറ്റ്’ ബോർഡുകളാണ്. ഒരർഥത്തിൽ ചെറുപ്പക്കാരുടെ അതിജീവനത്തിനായുള്ള ‘ക്വിറ്റ് കേരള’യാണ് ഇപ്പോൾ സംഭവിക്കുന്നത്. കുടിയേറ്റം ഇങ്ങനെ തുടർന്നാൽ സമീപഭാവിയിൽത്തന്നെ കേരളം പ്രായമാവർ ഭൂരിപക്ഷമുള്ള ഒരു ‘ഓൾഡ് ഏജ് ഹോം’ ആയിമാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

എന്തുകൊണ്ട് ചെറുപ്പക്കാർ കേരളംവിടുന്നു?..

‘സന്ദേശം’ സിനിമ ഇപ്പോഴിറങ്ങിയാൽ ഒരുപക്ഷേ ക്ലൈമാക്സ് ഇങ്ങനെയായേനെ- പ്രഭാകരൻ കേസില്ലാവക്കീൽ, കോവിഡ് കാലത്ത് പ്രകാശന്റെ ജോലിപോയി, കൊടിപിടിച്ചുനടന്ന ഇളയമകൻ പ്രശാന്തൻ പത്തും ഗുസ്തിയും കഴിഞ്ഞു ഇപ്പോൾ വല്ല മന്ത്രിയോ എംഎൽഎ യോ കുറഞ്ഞപക്ഷം ഏതെങ്കിലും മന്ത്രിയുടെ ‘പിഎ’ എങ്കിലുമായിരിക്കും. ചുരുക്കത്തിൽ അവനാകും ഇപ്പോൾ നാട്ടിലെയും വീട്ടിലെയും താരം…

ഇതാണ് ഇപ്പോഴത്തെ കേരളത്തിന്റെ സാമൂഹികസാഹചര്യം. ഏതെങ്കിലും രാഷ്ട്രീയ-ജാതി-മത പ്രസ്ഥാനങ്ങളുടെ പിന്നിൽ സജീവമായി അണിനിരക്കുന്നവർക്കുമാത്രമേ ഇവിടെ ജോലിയും നിലനിൽപ്പുമുള്ളൂ എന്ന അവസ്ഥ. അതല്ലെങ്കിൽ പണവും സ്വാധീനവും വേണം. പിന്നെ കുടിയേറുന്ന ചെറുപ്പക്കാരെ കുറ്റം പറയാനൊക്കുമോ?

കേരളത്തിൽ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ശമ്പളമുള്ള ജോലിയുണ്ടോ? സർക്കാർ ജോലിയിൽ പിൻവാതിൽ നിയമനം, സംരംഭം തുടങ്ങിയാൽ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും നൂലാമാലകളും രാഷ്ട്രീയക്കാരുടെ കൊടിനാട്ടലും കൂടി പൂട്ടിക്കും. പുറത്തേക്കിറങ്ങാൽ പീഡനവും സദാചാര ഗുണ്ടായിസവും നാട്ടുകാരുടെ കുത്തുവാക്കുകളും. സ്വാഭാവികമായും ചെറുപ്പക്കാർ മെച്ചപ്പെട്ട മേച്ചിൽപ്പുറങ്ങൾ തേടും. വിദ്യാഭ്യാസ യോഗ്യതയും സാങ്കേതികവിദ്യയും യാത്രാസൗകര്യങ്ങളും കൂടിയായതോടെ പുറത്തേക്കുള്ള കുത്തൊഴുക്ക് കൂടി. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ചെറുപ്പക്കാർ പോകുമ്പോൾ സംഭവിക്കുന്നത്…

കുടിയേറ്റം ശക്തമായ പ്രദേശങ്ങളിലുള്ള മിക്കവീടുകളിലും പ്രായമായ അച്ഛനുമമ്മയും മാത്രമാണുള്ളത്. കേരളം ‘വലിയ ഒരു ഓൾഡ് ഏജ് ഹോം’ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇവരുടെ പരിപാലനം, മാനസിക സന്തോഷം എന്നിവ പലപ്പോഴും ഒരു ചോദ്യചിഹ്നമാണ്. ഇനിയുള്ള കാലം കേരളം ഏറ്റവും അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നങ്ങളിലൊന്ന് ഇവിടെ അധികരിക്കുന്ന വയോജനങ്ങളുടെ ക്ഷേമത്തെ സംബന്ധിച്ചതാകും.

സാമ്പത്തികമായും വെല്ലുവിളികളുണ്ട്. ചെറുപ്പക്കാരുടെ കുടിയേറ്റം തുടരുകയും വയോജനങ്ങളുടെ എണ്ണം നാട്ടിൽ വർധിക്കുകയും ചെയ്യുമ്പോൾ ഡെമോഗ്രഫിക് ഡിവിഡന്റ് (ജോലി ചെയ്ത് സമ്പാദിക്കാൻ കഴിവുള്ള ആളുകളുടെ എണ്ണവും ജോലി ചെയ്യാൻ കഴിയാത്ത ആളുകളുടെ എണ്ണവും തമ്മിലുള്ള  അനുപാതം) താഴേക്ക് പോകുന്നു. അടിസ്ഥാന ജോലികൾക്ക് ആളെകിട്ടാതാകുന്നു. അതിഥിതൊഴിലാളികൾ ഇവിടെനിന്ന് പുറത്തേക്ക് പണമൊഴുക്കുന്നു. 

കോവിഡ് കാലശേഷം ഗൾഫിലെ തൊഴിൽനഷ്ടം മൂലം നാട്ടിലേക്കൊഴുകിയിരുന്ന ഗൾഫ് മണിയിൽ വൻഇടിവാണ് രേഖപ്പെടുത്തിയത്. ഗൾഫ് പ്രവാസം പോലെയല്ല ഇപ്പോഴത്തെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം. അത് തിരിച്ചുവരാനിഷ്ടമില്ലാത്ത ഒരു പോക്കാണ് (കാരണം ഇവിടെയുള്ള വ്യവസ്ഥിതി തന്നെയാണ്). അവിടെ സെറ്റിലായി അവിടെ സമ്പാദിച്ച് അവിടെ മുതൽമുടക്കി ജീവിക്കാനുള്ള സ്വപ്നങ്ങളുമായി ഭൂരിപക്ഷവും വിമാനം കയറുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ സെറ്റിലാകുന്ന മലയാളികൾ അയയ്ക്കുന്ന പണംകൂടി നിലച്ചാൽ കേരളത്തിന്റെ സാമ്പത്തികരംഗത്ത് വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്. മദ്യവും ലോട്ടറിയുംകൊണ്ട് എത്രകാലം പിടിച്ചുനിൽക്കും?…

മാതാപിതാക്കളുടെ കാഴ്ചപ്പാട് പതിയെ മാറുന്നു. പുതിയ സാധ്യതകൾ…

ഒരുതലമുറ മുൻപുവരെ തങ്ങളെ നോക്കാതെ വിദേശത്തുംമറ്റും ജോലിചെയ്യുന്ന മക്കളെ നാടുമുഴുവൻ പറഞ്ഞുനടന്നു നാറ്റിക്കുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നു. ഇപ്പോൾ മധ്യവയസ്സിലുള്ള  മാതാപിതാക്കൾ മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മക്കൾ ജീവിക്കുന്ന കാലത്തിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ചു അവരുടെ നിസ്സഹായതയെക്കുറിച്ചും പലരും ബോധ്യമുള്ളവരാണ്.

ഇവിടെയാണ് സീനിയർ ലിവിങ് കേന്ദ്രങ്ങളുടെ പ്രസക്തി. പലരും ആരോഗ്യം മോശമാകുന്ന കാലത്ത് സീനിയർ ലിവിങ് കേന്ദ്രങ്ങളിലേക്ക് മാറാൻ മാനസികമായി തയാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ഇനിയുള്ള കാലം ചെറുപ്പക്കാരെ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾപോലെതന്നെ വേരോട്ടത്തിന് സാധ്യതയുള്ള ഒരു സംരംഭം കൂടിയാണിത്. 

വിദേശത്തുള്ള മക്കൾ നാട്ടിൽ കെട്ടിപ്പൊക്കിയ വമ്പൻവീടുകളിൽ ഒറ്റപ്പെട്ടുജീവിക്കുന്ന ധാരാളം മാതാപിതാക്കളുണ്ട്. പ്രായമായവർ ഇന്ന് നമ്മുടെ നാട്ടിൽ നേരിടുന്ന ഒറ്റപ്പെടലിന് വലിയൊരു പരിഹാരമാണ് സീനിയർ ലിവിങ് കേന്ദ്രങ്ങൾ. ഇവർക്ക് ഇത്തരംകേന്ദ്രങ്ങളിൽ സമപ്രായക്കാരുമായി കൂട്ടായ്മ ആചരിച്ച് കഴിയാം.

പ്രായമായ മാതാപിതാക്കളെ അനാഥാലയത്തിൽ ഉപേക്ഷിച്ചു എന്നുള്ള സമൂഹത്തിന്റെ പഴിയും ഇത്തരം സ്ഥാപനങ്ങളിലേക്ക് മാറിയാൽ കേൾക്കേണ്ടിവരില്ല. കാരണം അനാഥാലയങ്ങളുടെ ചാരിറ്റി പരിവേഷമുള്ള സെറ്റപ്പൊ അന്തരീക്ഷമോ അല്ല ഇവിടെയുള്ളത്. ‘സ്വന്തം വീടുപോലെ മറ്റൊരുവീട്’ അതാണ് കൺസെപ്റ്റ്. നിലവിൽ പാലക്കാട്, എറണാകുളം, തിരുവനന്തപുരം പോലെയുള്ള ജില്ലകളിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 

കോവിഡ് കാലത്തിനുശേഷം റിയൽ എസ്റ്റേറ്റ് വിൽപനയിൽ ഇടിവുവന്നതോടെ തങ്ങളുടെ നിലവിലുള്ള പ്രോജക്ടുകൾ സീനിയർ ലിവിങ് കൺസെപ്റ്റിലേക്ക് മാറ്റുന്ന ബിൽഡർമാരുമുണ്ട്. ഇപ്പോൾ ചെറിയ മക്കളുള്ള ചെറുപ്പക്കാരായ ദമ്പതികൾപോലും ഭാവിയിൽ മക്കൾ തങ്ങളെ നോക്കണമെന്ന പ്രതീക്ഷ വച്ചുപുലർത്താനിടയില്ല. ഭാവിയിൽ ഇത്തരം സീനിയർ ലിവിങ് കേന്ദ്രങ്ങളിൽ മുറി അഡ്വാൻസ് ബുക്ക് ചെയ്തവരും ഇതിനായി സ്വരുക്കൂട്ടുന്നവരും പുതുതലമുറയിലുണ്ട്.

നിലവിൽ ഇതിന്റെ ഒരു പ്രശ്നം സാമ്പത്തികമായി ഉയർന്ന തട്ടിലുള്ളവർക്ക് മാത്രമാണ് ഇതിന്റെ ഭീമമായ ചെലവ് താങ്ങാൻ സാധിക്കുകയുള്ളൂ എന്നതാണ്. വിദേശത്ത് സെറ്റിലായ മികച്ച സാമ്പത്തികമുള്ള മക്കളുടെ സാമ്പത്തികപിന്തുണയോടെ ഇവിടെ എത്തുന്നവരുമുണ്ട്. ഇവിടെ സർക്കാരിന് പലതും ചെയ്യാൻകഴിയും. 

ഭാവിയിൽ വയോജനങ്ങൾ താമസിക്കുന്ന ഓരോ വീടുകളുടെയും വാതിലിൽമുട്ടി ക്ഷേമം ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയില്ല. എന്നാൽ സീനിയർ ലിവിങ് കേന്ദ്രങ്ങളിലൂടെ വയോജനങ്ങളുടെ ഒരു കൂട്ടായ്മ രൂപപ്പെടുത്തിയാൽ ഇവരുടെ ആരോഗ്യ-മാനസിക ക്ഷേമം അടക്കമുള്ള കാര്യങ്ങൾ കൂടുതൽ സുഗമമായി ഉറപ്പുവരുത്താനാകും.  

സർക്കാർ പൂർണമായി ബാധ്യത ഏറ്റെടുക്കണമെന്നില്ല. സർക്കാർ- സ്വകാര്യ പങ്കാളിത്തത്തോടെ സീനിയർ ലിവിങ് കേന്ദ്രങ്ങൾ ആരംഭിക്കാം. അതല്ലെങ്കിൽ സർക്കാർ സാമ്പത്തികപിന്തുണയോടെ കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളെ സീനിയർ ലിവിങ് കേന്ദ്രങ്ങൾ തുടങ്ങാൻ പ്രോത്സാഹിപ്പിച്ചാൽ സാമ്പത്തികമായി ഇടത്തട്ടിലുള്ളവർക്കും ഒരുപരിധിവരെ സാധാരണക്കാർക്കും ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശനം ലഭിക്കും. പ്രൊഫഷണലായി പ്രവർത്തനം നടക്കുകയും ചെയ്യും. ഭാവിയിൽ കേരളം നേരിടാൻ പോകുന്ന വയോജനക്ഷേമം എന്ന വലിയൊരു പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരവുമാകും. ഈ ലോകവയോജനദിനം നമ്മുടെ ഭാവിയെ കരുതിയുള്ള ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങൾക്കും തയാറെടുപ്പുകൾക്കും ആലോചനകൾക്കും മുഖാന്തിരമാകട്ടെ…

error: Content is protected !!