വാർഡംഗം മുന്നിൽ നിന്നു; സുമനസ്സുകളുടെ സഹായത്തോടെ ലീലയ്ക്കും ഭിന്നശേഷിക്കാരായ മക്കൾക്കും വീടായി..
കാഞ്ഞിരപ്പള്ളി: വൃദ്ധയായ വീട്ടമ്മയ്ക്കും ഭിന്നശേഷിക്കാരായ രണ്ട് മക്കൾക്കും പഞ്ചായത്തിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടൊരുക്കി നൽകി. കാളകെട്ടി മാഞ്ഞുക്കുളം കാരാങ്കൽ ലീലയ്ക്കും (77) മക്കൾക്കുമാണ് പുതിയ വീടൊരുക്കിയത്. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ വീടിന്റെ താക്കോൽ കൈമാറി.
ഇടിഞ്ഞുവീഴാറായ വീടിന്റെ അവസ്ഥകണ്ട് വാർഡംഗം റാണി ടോമിയുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപവത്കരിച്ചാണ് വീടൊരുക്കിയത്.
ലീലയുടെ ഭർത്താവ് ഗോപാലൻ 29 വർഷം മുൻപ് മരിച്ചു. മൂന്ന് മക്കളിൽ ഇളയ രണ്ട് പേരും ഭിന്നശേഷിക്കാരാണ്. 36 വയസ്സുള്ള രണ്ടാമത്തെ മകൾക്ക് ചെറുപ്പത്തിൽ പോളിയോ ബാധിച്ച് ഇരുകാലുകൾക്കും ശേഷിയില്ല. മാനസിക, ആരോഗ്യ പ്രശ്‌നങ്ങളുള്ള 31 വയസ്സുകാരൻ മകനും ജോലിക്കുപോകാൻ കഴിയാത്ത സ്ഥിതിയാണ്.
കൂലിപ്പണി ചെയ്താണ് ലീല കുടുംബം പോറ്റിയിരുന്നത്. പ്രായമായതോടെ ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ വാർധക്യ പെൻഷനും മക്കളുടെ വികലാംഗ പെൻഷനും ഉപയോഗിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇതിനിടെ ആകെയുണ്ടായിരുന്ന കിടപ്പാടത്തിന്റെ അവസ്ഥയും മോശമായി. കുടുംബത്തെ സഹായിച്ചുവന്നിരുന്ന സ്വരുമ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ കുടുംബത്തിന്റെ അവസ്ഥ വാർഡംഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇവരുടെ അവസ്ഥ കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതോടെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചു. പത്ത് ലക്ഷത്തോളം രൂപ ചെലവായതിൽ ലൈഫ് പദ്ധതിയിൽനിന്ന് നാല് ലക്ഷം രൂപയും ബാക്കിത്തുക ജനകീയ സമിതി നാട്ടുകാരുടെയും, വിദേശത്തുള്ള നാട്ടുകാരുടെയും സഹകരണത്തോടെയുമാണ് സമാഹരിച്ചത്.
സ്വരുമ ചാരിറ്റബിൾ സൊസൈറ്റി 50,000 രൂപ നൽകി. വാർഡംഗം റാണി ടോമി ജനറൽ കൺവീനറായും, ജോണി വളയത്തിൽ, ഷാജി പുതിയാപറമ്പിൽ, മനോജ് തെക്കേടത്ത്, സാജു പുതിയാത്ത് എന്നിവർ കൺവീനർമാരുമായുള്ള ജനകീയ സമിതിയാണ് വീട് നിർമിച്ചുനൽകിയത്. ഞായറാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ വീടിന്റെ താക്കോൽ കൈമാറി .