കൊരട്ടി പാലത്തിന് 60 വയസ്
September 28, 2017 t
എരുമേലി∙ കാലം പാഞ്ഞോടിക്കൊണ്ടിരിക്കുന്ന കൊരട്ടി പാലത്തിന് ഇന്ന് 60 വയസ്. കാഞ്ഞിരപ്പള്ളിയെയും എരുമേലിയെയും ബന്ധിപ്പിച്ചു മണിമലയാറ്റിൽ പണിത കൊരട്ടി പാലത്തിന്റെയും നാടിന്റെ ഗതാഗതചരിത്രത്തിന്റെയും കഥയിങ്ങനെ: 1957 സെപ്റ്റംബർ 28ന് മുൻപ് ബ്രിട്ടിഷ് ഭരണത്തിന്റെ നാളുകൾ. ആറ്റിലെ കൊരട്ടി ചാകയത്തിനോട് ചേർന്നാണ് വള്ളക്കടവ്. കൂവപ്പള്ളി പിള്ളേച്ചനും വർഗീസ് ചേട്ടനുമാണ് കടത്തുവള്ളം തുഴച്ചിൽക്കാർ. ഒരണയാണ് കടത്തുകൂലി. പെരുവെള്ളത്തിൽ തുഴയെറിയുമ്പോൾ തുഴച്ചിൽക്കാരുടെ കൈകളിലെ മസിലുകൾ പെരുക്കും.
അപ്പോൾ യാത്രക്കാരുടെ മനസിൽ ഭയത്തിന്റെ തിരയിളക്കമായിരുന്നെന്ന് നാട്ടുകാരനായ പതാലിൽ പാച്ചുക്കുട്ടപ്പണിക്കർ (85) ഓർക്കുന്നു. സായിപ്പ് ഇന്ത്യയിൽ നിന്നു കെട്ടുകെട്ടിയ കാലത്താണ് പൊൻകുന്നത്തു നിന്ന് കാഞ്ഞിരപ്പള്ളി വഴി എരുമേലിയിലേക്ക് പിഎംഎസ് ബസ് എത്തുന്നത്. ആദ്യ ബസ് അതായിരുന്നു. പിന്നെ കെഎംഎസ് ബസ് എത്തി. കെഎംഎസ് ബസിന് കൊരട്ടിയിൽ ബുക്കിങ് ഓഫിസ് ഉണ്ടായിരുന്നു. പിഎംഎസ് ബസിന് സീറ്റുകളുണ്ടായിരുന്നില്ല. സീറ്റിന് പകരം തൊണ്ട് തല്ലി ചകിരിയാക്കി ചാക്കിൽ കെട്ടിവച്ചിരിക്കും.
അതിനു മുകളിൽ ഇരുന്ന് സുഖമായി യാത്രചെയ്യാം. പാലമില്ലാത്തതിനാൽ മഴക്കാലത്ത് എരുമേലി വരെ ബസ് എത്തില്ല. ട്രിപ്പ് കൊരട്ടിയിൽ അവസാനിക്കും. ആറ്റുതീരത്ത് ആറാക്കൽ മുണ്ടൻചേട്ടനും കുണുക്കിട്ട ചേട്ടത്തിയും യാത്രക്കാർക്കായി ചായക്കട നടത്തിയിരുന്നു. ആറ്റിൽ വെള്ളമില്ലാത്തപ്പോൾ നദിയിലെ കല്ലുപാകിയ വഴിയിലൂടെ ബസ് ആടിയുലഞ്ഞ് ‘നടന്നു കയറി’ എരുമേലിയിൽ എത്തിയിരുന്നു. 1957 സെപ്റ്റംബർ 28 അന്നാണ് ഐക്യ കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ടി.എ. മജീദ് കൊരട്ടി പാലം ഉദ്ഘാടനം ചെയ്തത്.
മണിമലയാറ്റിൽ നിന്നു തന്നെ മണൽ വാരി, കുറഞ്ഞ നിരക്കിൽ സിമന്റ് ലഭിച്ച് നിർമിച്ച പാലം അങ്ങനെ രണ്ട് നാടുകളുടെ ഷേക് ഹാൻഡ് ആയി. 90 മീറ്ററാണ് നീളം. 8.7 മീറ്റർ വീതി. ആറ് സ്പാനുകൾ. ഉറച്ച ആ നിർമിതി ഇന്നും കാലത്തെ അതിജീവിക്കുന്നു. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിന്റെ കൈവരിയിൽ പിടിച്ചു നിന്നാൽ ഒരിരമ്പവും കുലുക്കവുമുണ്ട്. നിർമിതിയുടെ സവിശേഷതയെന്നു നാട്ടുകാർ. ശേഷം കൊരട്ടി പാലത്തിനടിയിലൂടെ ഒരുപാട് വെള്ളം ഒഴുകി വേമ്പനാട്ട് കായലിലെത്തി.
നടന്നെത്തിയ ശബരിമല തീർഥാടകർ കൊരട്ടി പാലത്തിലൂടെ വണ്ടിയിലെത്തി എരുമേലി പേട്ടതുള്ളി. കുടമണികിലുക്കി ആറ്റിലൂടെ കയറിയിറങ്ങിയ കാളവണ്ടികൾ കാണാനില്ലെന്നായി. മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിൽ വേഗമെത്താൻ ജനത്തിന് കഴിഞ്ഞു. റബറും കാപ്പിയും കുരുമുളകും തദ്ദേശം വിട്ട് പാലത്തിലൂടെ വണ്ടിയിൽ കയറിപ്പോയി. നാട് മൊത്തത്തിൽ പുരോഗതിയുടെ ചരിത്രമെഴുതി. ഈ പാലത്തിലൂടെ ഇനിയും എരുമേലി ചെറുവള്ളി നിർദിഷ്ട വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ ഒഴുക്കും സംഭവിക്കാം.