കടയിൽ നിന്ന് പുലർച്ചെ മാങ്ങ മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ
കാഞ്ഞിരപ്പള്ളി ∙ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നു മാങ്ങ മോഷ്ടിച്ച പൊലീസുകാരനു സസ്പെൻഷൻ. ഇടുക്കി എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ മുണ്ടക്കയം വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബ് (36) ആണ് മോഷണം നടത്തിയതിന്റെ പേരിൽ സസ്പെൻഷനിലായത്. കാഞ്ഞിരപ്പള്ളി ടൗണിൽ പേട്ടക്കവലയ്ക്കു സമീപമുള്ള കെഎം വെജിറ്റബിൾസിനു മുന്നിൽ ഇറക്കിവച്ച പച്ചമാങ്ങ 30നു പുലർച്ചെ 4നു ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ ഷിഹാബ് മോഷ്ടിച്ചെന്നാണു കേസ്.
തമിഴ്നാട്ടിൽ നിന്നു പച്ചക്കറിയുമായി രാത്രിയെത്തിയ ലോറിക്കാർ കടയുടെ മുൻപിൽ ഇറക്കിവച്ചിട്ടു പോയതാണ് മാങ്ങ. രാവിലെ കട തുറന്നപ്പോൾ മാങ്ങയുടെ തൂക്കത്തിൽ കുറവു കണ്ടതോടെയാണ് വ്യാപാരി പരാതിപ്പെട്ടതും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതും. കിലോഗ്രാമിനു 100 രൂപ വില വരുന്ന മാങ്ങ 10 കിലോഗ്രാമോളം നഷ്ടപ്പെട്ടതായി പറയുന്നു. കോട്ടയം മെഡിക്കൽ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്കു മടങ്ങുന്ന വഴി ഷിഹാബ് മാങ്ങ മോഷ്ടിച്ച് സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിറച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുണ്ടക്കയം സ്വദേശിനി 2019ൽ നൽകിയ പീഡനക്കേസിൽ ഷിഹാബ് അറസ്റ്റിലായിരുന്നു. തുടർന്ന് സസ്പെൻഷനിലായി ഏതാനും മാസങ്ങൾക്കു മുൻപാണ് തിരികെ സർവീസിൽ കയറിയത്. കേസ് നിലവിലുണ്ട്. സ്ത്രീകളെ ശല്യം ചെയ്തെന്ന പരാതിയിലും 2007ൽ വീടു കയറി ആക്രമണം നടത്തിയെന്ന കേസിലും ഉൾപ്പെട്ടയാളാണു ഷിഹാബ് എന്നും പൊലീസ് അറിയിച്ചു.