പ്രായം പ്രശ്നമല്ല; ആദ്യാക്ഷര മധുരം പകർന്നു നൽകി ആശാട്ടിയമ്മ

കാഞ്ഞിരപ്പള്ളി ∙ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകാൻ ആശാട്ടിയമ്മയ്ക്കു പ്രായം ഒരു പ്രശ്നമല്ല. വയസ്സു 99 ആയെങ്കിലും ഇന്നലെ ചേനപ്പാടി കരക്കാരുടെ ആശാട്ടിയമ്മ എന്ന താവൂരേടത്ത് തങ്കമ്മ കുട്ടികളെ എഴുത്തിനിരുത്തി. 50 വർഷമായി വിജയദശമി ദിനത്തിൽ ആശാട്ടിയമ്മ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നു. ദീർഘകാലം വിഴിക്കിത്തോട്ടിൽ നിലത്തെഴുത്തുകളരി നടത്തി. 

ജാതിമത ഭേദമില്ലാതെ ആളുകൾ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാൻ ആശാട്ടിയമ്മയുടെ അടുത്തെത്തും. വിദേശത്തുള്ളവരായാലും നാട്ടിലെത്തുമ്പോൾ നല്ല ദിവസം നോക്കി കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ആശാട്ടിയമ്മയുടെ വീട്ടിലെത്തും. ചേനപ്പാടി താവൂരേടത്ത് പരേതനായ കരുണാകരൻ നായരുടെ ഭാര്യയാണ്. 3 പെൺമക്കളുണ്ട്. ഇപ്പോൾ മൂത്ത മകൾ രാജമ്മയോടൊപ്പമാണു താമസം.

നിലത്തെഴുത്ത് കളരിയിൽ ആദ്യാക്ഷരം കുറിപ്പിക്കുന്ന തിടനാട് സ്വദേശി കെ.എൻ.രാധമ്മ

ഡിജിറ്റൽ യുഗത്തിലും പ്രിയങ്കരമായി രാധമ്മയുടെ നിലത്തെഴുത്ത് കളരി 

തിടനാട് ∙ എഴുത്തും വായനയും ഡിജിറ്റൽ യുഗത്തിലേക്ക് മാറുമ്പോഴും നിലത്തെഴുത്ത് കളരിയിലൂടെ ആദ്യാക്ഷരം പകർന്നു നൽകുകയാണു തിടനാട് സ്വദേശി കെ.എൻ.രാധമ്മ. 54 വർഷമായി അമ്പലം ജംക്‌ഷനിൽ നിലത്തിരുത്ത് കളരിയുടെ നാഥയാണ് രാധമ്മ. വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ സ്വയം തൊഴിൽ എന്ന രീതിയിലാണ് നിലത്തെഴുത്ത് കളരി തുടങ്ങിയത്. എൻഎസ്എസ് വക കെട്ടിടത്തിലാണ് കളരിയുടെ പ്രവർത്തനം. ലോകം മുഴുവൻ ഡിജിറ്റലായി മാറിയെങ്കിലും രാധമ്മ ടീച്ചറുടെ എഴുത്തിനിരുത്ത് രീതിയിൽ കാര്യമായ മാറ്റമില്ല. എഴുത്തിന്റെ ശൈലിയിൽ മാത്രമാണ് അൽപം മാറ്റം വന്നത്. മലയാളത്തിനൊപ്പം ഇംഗ്ലിഷും കൂട്ടിച്ചേർത്തു. 

രാധമ്മയുടെ കളരിയിൽ ഇംഗ്ലിഷ് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് യുകെജിയിൽ ചേരാൻ ചില സിബിഎസ്ഇ സ്കൂളുകളും അനുമതി നൽകിയിട്ടുണ്ട്. കുരുന്നുകൾക്ക് അറിവ് പകർന്നു നൽകുമ്പോഴുള്ള ആത്മ സംതൃപ്തിയാണ് ഈ പ്രായത്തിലും കളരിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പ്രേരണയെന്ന് രാധമ്മ ടീച്ചർ പറയുന്നു. ആദ്യം നിലത്ത് പൊടിമണലിൽ എഴുതിയാൽ പെൻസിൽ ഉപയോഗിച്ച് സ്ലേറ്റിൽ എഴുതാൻ എളുപ്പമാകും. കയ്യക്ഷരം നന്നാകാനും ഇത് സഹായിക്കും. ഓം ഹരിശ്രീ ഗണപതായ നമഃ എന്ന് ടീച്ചറുടെ അടുത്ത് എഴുതിത്തുടങ്ങിയ പൂർവ വിദ്യാർഥികൾ ഈ എഴുത്തിനിരുത്തു കാലത്തും സന്ദർശിക്കാൻ എത്തിയതിന്റെ ആത്മനിർവൃതിയിലാണ് രാധമ്മ ടീച്ചർ.

error: Content is protected !!