നാടിന്റെ വികസനത്തിന് പഞ്ചായത്തുകൾക്കൊപ്പം കൈകോർക്കും : ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനംഗം ജെസി ഷാജൻ
കാഞ്ഞിരപ്പള്ളി: കുടുംബശ്രീകളുടെ ശാക്തീകരണത്തിനും പൊതുവിദ്യാഭ്യാസ മേഖലയ്ക്കും ഊന്നൽ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനംഗം ജെസി ഷാജൻ മണ്ണംപ്ലാക്കൽ. നിലവിൽ ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ തുടക്കമിട്ടപദ്ധതികളുടെ പൂർത്തീകരണത്തിനായിരിക്കും മുഖ്യ പരിഗണന.
ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായി കാഞ്ഞിരപ്പള്ളിയിൽ തുടക്കമിട്ട മിനി ബൈപാസിന്റെ പൂർത്തീകരണത്തിനായി പഞ്ചായത്തിനൊപ്പം കൈകോർക്കും. പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ ഒരുപാട് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനോടൊപ്പം ചേർന്ന് പ്രവർത്തിക്കും. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വെയ്റ്റിംഗ് ഷെഡ് നിർമിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും.
ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. റോഡുകളുടെ വികസനത്തിനും അറ്റകുറ്റപ്പണികൾക്കും മുഖ്യ പരിഗണന നൽകും. കോവിഡ് പ്രതിരോധത്തിന് പഞ്ചായത്തുകൾക്കൊപ്പം കൈകോർക്കും. പഞ്ചായത്തുമായി ചേർന്ന് കാഞ്ഞിരപ്പള്ളിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുമെന്നും ജെസി ഷാജൻ പറഞ്ഞു.