ലോട്ടറി കച്ചവടക്കാരന് വ്യാജ നോട്ട് നൽകി പണം തട്ടിയ യുവാവ് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: വയോധികനായ ലോട്ടറി കച്ചവടക്കാരന് വ്യാജ നോട്ട് നൽകി ലോട്ടറി വാങ്ങുകയും പണം തട്ടുകയും ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റുചെയ്തു. കങ്ങഴ മുണ്ടത്താനം ചാരുപറമ്പിൽ ബിജി തോമസിനെയാണ്‌ (അഭിലാഷ്-42) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ 14-ന്‌ ഉച്ചയോടെ കാഞ്ഞിരപ്പള്ളി കവലയിൽ നടന്ന്‌ ലോട്ടറി കച്ചവടം നടത്തുന്ന ചിറക്കടവ് സ്വദേശിയായ വയോധികനിൽ നിന്ന് ലോട്ടറി വാങ്ങിയശേഷം 2000 രൂപയുടെ, കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന വ്യാജ പേപ്പർനോട്ട് നൽകുകയായിരുന്നു. 40 രൂപ വിലവരുന്ന 12 ടിക്കറ്റുകൾ വാങ്ങി, ബാക്കി പണം വാങ്ങുകയും ചെയ്തു.

വയോധികൻ മെഡിക്കൽ ഷോപ്പിൽ നൽകാനായി പണം എടുത്തപ്പോഴാണ് വ്യാജ പേപ്പർനോട്ടാണെന്ന് മനസ്സിലായത്. തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ പരാതി നൽകി. മണിമല, പള്ളിക്കത്തോട്, കറുകച്ചാൽ എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ കബളിപ്പിക്കൽ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രായമായ ലോട്ടറി കച്ചവടക്കാരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ്. ഇയാളിൽനിന്ന് ഇത്തരത്തിലുള്ള 2000, 200 എന്നീ പതിനഞ്ച്‌ നോട്ടുകളും കണ്ടെടുത്തു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ. ഷിന്റോ പി. കുര്യൻ, എസ്.ഐ. സുരേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!