കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വിജിലൻസ് സംഘത്തിന്റെ റെയ്ഡിനെതിരെ കുന്നുംഭാഗത്ത് പ്രതിഷേധം
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി സർജൻ ബിനു പി. ജോണിനെ വ്യാജ അഴിമതി കേസിൽ കുടുക്കുവാൻ വിജിലൻസ് സംഘം ശ്രമിക്കുന്നു എന്നാരോപിച്ച് ആശുപത്രിയുടെ സമീപ പ്രദേശത്ത് പ്രതിഷേധ സംഗമം നടത്തി . ” കൂടെയുണ്ട് നാട് ” എന്ന മുദ്രവാക്യമുയർത്തി കടകളടച്ചും ഓട്ടോറിക്ഷ പണിമുടക്കിയും , നാട്ടുകാർ ഉൾപ്പെടെ നിരവധിപേർ ജനറൽ ആശുപത്രി ഡോക്ടർമാർക്കും ജീവനക്കാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആശുപത്രി കവാടത്തിൽ ദീപങ്ങൾ തെളിയിച്ചു..
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജനറൽ ആശുപത്രിയിലെ സർജനായിരുന്ന ഡോ. സുജിതിനെ മുൻപ് വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മൂന്നു ദിവസങ്ങൾക്ക് ശേഷം രോഗിയുടെ മകൻ ഡോക്ടറുടെ വീട്ടിൽ വന്ന് പണം കൊടുക്കുകയും കാത്തു നിന്ന വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഓഗസ്റ്റ് മാസത്തിൽ അറസ്റ്റ് ചെയ്ത ഡോക്ടർക്കെതിരെ ഇതുവരെ കുറ്റപത്രം കൊടുക്കാൻ വിജിലൻസ് സംഘം തയാറായിട്ടില്ല.
സർജൻമാരെ മാത്രം ഉന്നംവച്ചു കൊണ്ട് വിജിലൻസ് സംഘം നടത്തുന്ന റെയ്ഡ് സ്വകാര്യ ആശുപത്രികളെ സഹായിക്കനാണെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്‍റണി മാർട്ടിൻ പറഞ്ഞു. അഴിമതിക്കാരായ ഡോക്ടർമാരോ ജീവനക്കാരോ ഉണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യുന്നതിൽ യാതൊരുവിധ തടസവുമില്ല. എന്നാൽ, അഴിമതിയില്ലാതെ, ജനങ്ങൾക്കുവേണ്ടി നിൽക്കുന്ന ഡോക്ടർമാരെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും ആന്‍റണി മാർട്ടിൻ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, പഞ്ചായത്തംഗം സൂമേഷ് ആൻഡ്രൂസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് റെജി കാവുങ്കൽ, ഷാജി നല്ലേപറമ്പിൽ, കെ.ടി. ബാബു, ഷൈജു കോലൻഞ്ചിറ, പി.എൻ. പ്രഭാകരൻ, ജോർജ് ജോൺ പേഴത്തുവയലിൽ, ജെയിംസ് പന്തിരുവേലിൽ, ജെയ്സൺ മുളങ്ങാശേരി എന്നിവർ പ്രസംഗിച്ചു.