പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിലെ പട്ടയവിതരണം നടത്തി, മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു
എയ്ഞ്ചൽവാലി : വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ മനുഷ്യ – വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിലെ പട്ടയവിതരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടുപോത്ത് ആക്രമണത്തിൽ കണമലയിൽ 2 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിൽ പ്രദേശത്തുണ്ടായ കാര്യങ്ങൾ ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യവാസ സ്ഥലങ്ങളിലും കൃഷിഭൂമിയിലും വന്യജീവികൾ പ്രവേശിക്കുന്നതു തടയാൻ മുന്നറിയിപ്പു സംവിധാനം കാര്യക്ഷമമാക്കും. ജനജാഗ്രതാ സമിതികൾ, വനസംരക്ഷണ സമിതികൾ, ഇക്കോ ഡവലപ്മെന്റ് കമ്മിറ്റികൾ എന്നിവയെ ശക്തിപ്പെടുത്തും.
കഴിഞ്ഞ 7 വർഷത്തിനിടെ 3 ലക്ഷത്തോളം പട്ടയങ്ങൾ വിതരണം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. പൊതുസമ്മേളനത്തിൽ മന്ത്രി കെ.രാജൻ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 30നു മുൻപ് പമ്പാവാലി, എയ്ഞ്ചൽവാലി മേഖലയിലെ എല്ലാ കൈവശാവകാശികൾക്കും മുഴുവൻ രേഖകൾ സഹിതം പട്ടയങ്ങൾ കൈമാറുമെന്നു മന്ത്രി പറഞ്ഞു. പ്രദേശം റവന്യു രേഖകളിൽ 82–ാം ബ്ലോക്കായി വകുപ്പിന്റെ റെലിസ് സോഫ്റ്റ്‌വെയറിൽ ഉൾപ്പെട്ടു. പട്ടയം കിട്ടുന്ന മുറയ്ക്ക് ഓൺലൈനായി കരമടയ്ക്കുന്നതിനു സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.എൻ.വാസവൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കലക്ടർ പി.കെ.ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു, തഹസിൽദാർ ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു.
പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിലെ ബഫർസോൺ പ്രശ്നം, വന്യജീവി ആക്രമണം എന്നിവയ്ക്കെതിരെ പ്രതിഷേധിച്ച സംഘടനകൾക്കും മാധ്യമങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമർശനം. പട്ടയവിതരണം ഓൺലൈനായി ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പേരു പറയാതെ വിമർശനം. പ്രതിപക്ഷ പാർട്ടികൾ, മതമേലധ്യക്ഷൻമാർ, ഇൻഫാം, വിവിധ കർഷക സംഘടനകൾ എന്നിവരാണു ബഫർസോൺ, വന്യജീവി ആക്രമണം എന്നിവയിൽ സർക്കാരിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചത്.
ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തിപരത്തി നേട്ടം കൊയ്യാമെന്നു കരുതിയ കുത്തിരിപ്പുകാരുടെയും അവരുടെ വാഴ്ത്തുപാട്ടുകാരുടെയും മുഖത്തേറ്റ അടിയാണ് പട്ടയവിതരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ പരിഭ്രാന്തി പരത്തി സർക്കാരിനെതിരെ ജനങ്ങളെ രംഗത്തിറക്കാൻ ചില സ്ഥാപിത താൽപര്യക്കാർ ഇറങ്ങിയിട്ടുണ്ട്. പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുമെന്നു വരെ പ്രചരിപ്പിച്ചു. ചില മാധ്യമങ്ങളും ഇതിനൊപ്പം നിന്നു. എവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കാം എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും വിമർശിച്ചു.