അവലോകന യോഗത്തിൽ നിന്നും പഞ്ചായത്ത്‌ പ്രസിഡന്റ് ഇറങ്ങിപ്പോയത് അവഹേളനമെന്ന് എംഎൽഎ.

എരുമേലി : ശബരിമല തീർത്ഥാടന മുന്നൊരുക്ക അവലോകന യോഗത്തിൽ നിന്നും പഞ്ചായത്ത്‌ പ്രസിഡന്റ് ഇറങ്ങിപ്പോയത് അയ്യപ്പ ഭക്തരോടുള്ള അവഹേളനമാണെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഇന്നലെ രാവിലെ എരുമേലി ദേവസ്വം ഹാളിൽ നടന്ന യോഗത്തിലാണ് ആന്റോ ആന്റണി എം പി യെ യോഗത്തിൽ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് എരുമേലി പഞ്ചായത്ത്‌ പ്രസിഡന്റ് സുബി സണ്ണി ഇറങ്ങിപ്പോയത്.

തൊട്ടുപിന്നാലെ മൈക്ക് എടുത്ത് സംസാരിച്ച എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പഞ്ചായത്ത്‌ പ്രസിഡന്റ് നടത്തിയത് അങ്ങേയറ്റം അപലപനീയമാണെന്ന് പറഞ്ഞു. മുമ്പും ശബരിമല മുന്നൊരുക്ക യോഗങ്ങളിൽ എം പി യെ പങ്കെടുപ്പിക്കുന്ന പതിവ് ഉണ്ടായിട്ടില്ലെന്നും അപ്പോഴൊന്നും ഇല്ലാത്ത ആക്ഷേപം ഇപ്പോൾ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി ആണെന്നും സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഒളിച്ചോടുന്ന പ്രവണത ശരി അല്ലെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

എരുമേലിയിൽ മണ്ഡല മകരവിളക്ക് കാല തീർത്ഥാടന ക്രമീകരണങ്ങളിൽ മുഖ്യ ചുമതലകൾ പഞ്ചായത്ത്‌ ആണ് നടത്തേണ്ടതെന്നിരിക്കെ അതിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത്‌ പ്രസിഡന്റ് ഇറങ്ങിപ്പോയതെന്നും പറഞ്ഞ അദ്ദേഹം യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത്‌ സെക്രട്ടറിയോട് ഗ്രാമ പഞ്ചായത്ത്‌ ചെയ്യേണ്ട പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കിയിരിക്കണമെന്ന് നിർദേശിച്ചു.

error: Content is protected !!