എരുമേലി സംസ്കരണ യുണിറ്റിൽ
ടൺ കണക്കിന് മാലിന്യങ്ങൾ.. വനപാതകളിൽ പ്ലാസ്റ്റിക് നിറഞ്ഞു
എരുമേലി : ശബരിമല സീസണിൽ വേർതിരിച്ചിടാതെ മാലിന്യങ്ങൾ ഒരുമിച്ച് ശേഖരിച്ച് സംസ്കരണ യുണിറ്റിൽ എത്തിച്ചത് വിനയായി. ശാസ്ത്രീയ മാർഗത്തിൽ സംസ്‌കരിക്കാൻ കഴിയാത്ത നിലയിൽ എരുമേലി പഞ്ചായത്തിന്റെ നേർച്ചപ്പാറയിലെ കമുകിൻകുഴി ഭാഗത്തെ സംസ്കരണ യൂണിറ്റിൽ നിറഞ്ഞിരിക്കുന്നത് ടൺ കണക്കിന് മാലിന്യങ്ങൾ. സമാനമായ സ്ഥിതിയിലാണ് ശബരിമല കാനന പാതയും. ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളും ഡിസ്പോസിബിൾ സാധനങ്ങളും പാതയിലും വനത്തിലും.
കാളകെട്ടി ഭാഗത്ത് കോരുത്തോട് റോഡിന്റെ വശങ്ങളിൽ നൂറുകണക്കിന് പ്ലാസ്റ്റിക് കുപ്പികളും ഡിസ്പോസിബിൾ പ്ളേറ്റുകളും ഗ്ലാസുകളും കപ്പുകളും ചിതറികിടക്കുകയാണ്. കച്ചവടം കഴിഞ്ഞു ഉപേക്ഷിച്ചതും അയ്യപ്പ ഭക്തർ ഉപേക്ഷിച്ചതുമൊക്കെയാണ് ഇവ. ചിലർ ഇവ കൂട്ടിയിട്ട് കത്തിക്കാനും ശ്രമിച്ച നിലയിൽ കത്തിക്കരിഞ്ഞ അവശിഷ്‌ടങ്ങളുമുണ്ട്. പ്ലാസ്റ്റിക് കത്തിക്കുന്നത് നിരോധിച്ചിരിക്കെ ആണ് വന പാതയിൽ ഇവ കത്തിച്ചിരിക്കുന്നത്.
വനം വകുപ്പിന്റെ നേതൃത്വത്തിൽ വന സംരക്ഷണ സമിതി പ്രവർത്തകർ വന പാതയിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചു വരികയാണെങ്കിൽ ഉദ്യോഗസ്ഥർ പറയുന്നു. മകരജ്യോതി ദർശനത്തിന് വനത്തിൽ തീർത്ഥാടകർ തമ്പടിച്ച സ്ഥലങ്ങളിൽ വൻ തോതിലാണ് പ്ലാസ്റ്റിക് ബോട്ടിലുകൾ നിറഞ്ഞിരിക്കുന്നത്. ഇവയിൽ കുറെയേറെ വനം വകുപ്പിന്റെ നേതൃത്വത്തിൽ നീക്കിയിരുന്നു. അയ്യപ്പ ഭക്തർ ശബരിമലയിലേക്ക് നടന്ന് യാത്ര ചെയ്യുന്ന കാനന പാതയിലും ഇടത്താവളങ്ങളിലും ഉപേക്ഷിച്ച നിലയിലുള്ള പ്ലാസ്റ്റിക് കുപ്പികളും സാധനങ്ങളും നീക്കിക്കൊണ്ടിരിക്കുക ആണെന്ന് വനപാലകർ പറഞ്ഞു.
നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് ലോഡ് ഏറ്റെടുക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. എരുമേലി ടൗണിൽ ശബരിമല സീസൺ കാലത്ത് മാലിന്യങ്ങൾ തരം തിരിച്ചിടാൻ ബിന്നുകൾ വെച്ചെങ്കിലും വേർതിരിച്ചു മാലിന്യങ്ങൾ ഇടാതെ എല്ലാത്തരം മാലിന്യങ്ങളും ഒരു ബിന്നിൽ തന്നെ ഇടുന്ന പ്രവണതയായിരുന്നു. ഇതാണ് മാലിന്യ ശേഖരണം കുഴപ്പത്തിലാക്കിയത്. ബിന്നുകൾ നിറഞ്ഞ് കവിഞ്ഞാണ് മിക്ക ദിവസങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞത്. ഇവ വിശുദ്ധി സേനയിലെ ശുചീകരണ തൊഴിലാളികൾ ലോറിയിൽ കയറ്റി കമുകിൻകുഴിയിലെ സംസ്കരണ യൂണിറ്റിലാണ് എത്തിക്കുന്നത്.
അയ്യപ്പ ഭക്തർ പേട്ടതുള്ളലിൽ ഉപയോഗിക്കുന്ന പാണൽ ഇലകളും മറ്റും പ്ലാസ്റ്റിക് മാലിന്യങ്ങൾക്കൊപ്പം യൂണിറ്റിൽ കൂട്ടി ഇട്ടിരിക്കുകയാണ്. ഇവയിൽ വൻ തോതിൽ പ്ലാസ്റ്റിക് ഇടകലർന്നത് മൂലം ഇലകൾ ജൈവ മാലിന്യമായി സംസ്കരണത്തിന് വിധേയമാക്കാൻ കഴിയില്ല. പ്ലാസ്റ്റിക് ഇതിൽ നിന്ന് വേർതിരിച്ചു മാറ്റാനും കഴിയുന്നില്ല. മല പോലെ കുമിഞ്ഞ നിലയിലാണ് ഇതുൾപ്പടെ ടൺ കണക്കിന് മാലിന്യങ്ങൾ യുണിറ്റിൽ നിറഞ്ഞിരിക്കുന്നത്. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.