തെങ്ങുംതോട്ടം കോളനിക്ക് വഴിയായി ; പ്രദേശവാസികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു ; എംഎൽഎയ്ക്ക് നന്ദി
കൂവപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ 20 ഓളം കുടുംബങ്ങൾ അധിവസിക്കുന്ന തെങ്ങും തോട്ടം കോളനിയുടെ തീരാ ദുരിതത്തിന് പരിഹാരമായി തെങ്ങും തോട്ടം കോളനി റോഡ് കോൺക്രീറ്റ് ചെയ്തു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 5 ലക്ഷം രൂപ അനുവദിച്ചാണ് കോൺക്രീറ്റിംഗ് നടത്തിയത്.
തെങ്ങുംതോട്ടം കോളനിയിലേക്കുള്ള റോഡ് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ചർച്ച്, അഞ്ചിലിപ്പ, കുന്നുംഭാഗം ആനക്കല്ല് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള റബർ എസ്റ്റേറ്റിലൂടെ ആയിരുന്നു. അതുകൊണ്ടുതന്നെ റോഡിന്റെ സർവ്വ സ്വാതന്ത്ര്യ ഉപയോഗത്തിനും,അറ്റകുറ്റ പണികൾക്കും ബുദ്ധിമുട്ടും നേരിട്ടിരുന്നു. മൺറോഡും കയറ്റിറക്കവുമായിരുന്നതിനാൽ മഴക്കാലത്ത് യാത്ര ഏറെ ദുരിത പൂർണമായിരുന്നു. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്ക്ക് നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ മുൻകൈയെടുത്ത് പള്ളി അധികൃതരുമായി ചർച്ചചെയ്ത് റോഡ് സറണ്ടർ ചെയ്യിച്ച് പഞ്ചായത്തിന്റെ പൊതു ആസ്തിയിൽ ചേർക്കുകയും തുടർന്ന് ഫണ്ട് അനുവദിച്ച് റോഡിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുകയുമായിരുന്നു.
ഉദ്ഘാടന സമ്മേളനത്തിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാല്‍ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബിജോയ് പൊക്കാളശ്ശേരി, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ് കൊച്ചുപുര, പ്രൊഫ. ബാബു ജോസഫ് മുട്ടത്തുപാടം, കെ.ജെ ജോസുകുട്ടി കറ്റോട്ട്, പ്രൊഫ.ലില്ലിക്കുട്ടി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.