വന്യമൃഗ ശല്യത്തിനെതിരേ നിയമപോരാട്ടത്തിനൊരുങ്ങി ഇന്‍ഫാം കര്‍ഷക സമ്മേളനം
മുണ്ടക്കയം: ഭേദഗതി ചെയ്യപ്പെടാത്ത വന നിയമങ്ങള്‍ കൊണ്ടും വന്യമൃഗ ശല്യങ്ങള്‍കൊണ്ടും പൊറുതിമുട്ടിയ കര്‍ഷക സമൂഹത്തിന്റെ നിലനില്‍പ്പിനായി ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നിയമ പോരാട്ടം നടത്തുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം മുണ്ടക്കയം കാര്‍ഷിക താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമതലം മുതല്‍ ദേശീയതലം വരെ രൂപീകൃതമായിരിക്കുന്ന ലീഗല്‍ സെല്ലിലൂടെ നിയമപോരാട്ടം നടത്തുന്നതിന് ഇന്‍ഫാം തയാറെടുത്തതായും കാട്ടുമൃഗങ്ങളെ വനത്തില്‍ സംരക്ഷിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്താതെ അലംഭാവത്തോടെ അഴിച്ചുവിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും കോടതികളെ സമീപിക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ഫാം മുണ്ടക്കയം കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാ. മാത്യു പുത്തന്‍പറമ്പില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി റവ.ഡോ. ജയിംസ് മുത്തനാട്ട്, താലൂക്ക് പ്രസിഡന്റ് സണ്ണി വെട്ടുകല്ലേല്‍, താലൂക്ക് സെക്രട്ടറി ഷാജി ജോസഫ് മാന്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ വിവിധ ഗ്രാമസമിതികളുടെ റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച എന്നിവയും നടന്നു.