അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജും ഓസ്‌ട്രേലിയയിലെ ജയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജും ക്യൂന്‍സ്‌ലാന്റിലെ ജയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയും തമ്മില്‍ അദ്ധ്യാപനം, ഗവേഷണം, കോഴ്‌സുകള്‍, പ്രോജക്ട് ഡെവലപ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പരസ്പര സഹകരണം ഉറപ്പാക്കാന്‍ കരാറില്‍ ഒപ്പുവെച്ചു.
അമല്‍ജ്യോതി കാമ്പസില്‍ നടന്ന ചടങ്ങില്‍ കോളേജ് മാനേജര്‍ റവ. ഡോ. മാത്യു പായിക്കാട്ട്, ജയിംസ് കുക്ക് യൂണിവേഴ്‌സിറ്റി ചീഫ് മാര്‍ക്കിറ്റ് ഓഫീസര്‍ ഡോ. ഡേവിഡ് ക്രെയിഗിന് ധാരണാപത്രം കൈമാറി. കോളേജ് ഡോ. സെഡ് വി. ളാകപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡീന്‍സ് ഡോ. സോണി സി. ജോര്‍ജ്ജ്, ഡോ. മിനി മാത്യു, ജയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റീജണല്‍ ഡയറക്ടര്‍ മിസ് ശ്രുതി ശ്രീനിവാസന്‍, റീജണല്‍ മാനേജര്‍ മിസ് കോമള്‍ പ്രഭു എന്നിവര്‍ പങ്കെടുത്തു.
അക്കാദമിക് വികസനം, ഗവേഷണം, ഇന്നോവേഷന്‍ തുടങ്ങിയവ സാധ്യമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. ബി.ടെക് പ്രോഗ്രാമില്‍ രണ്ടുവര്‍ഷം അമല്‍ജ്യോതിയിലും തുടര്‍ന്ന് രണ്ട് വര്‍ഷം ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലും പഠിച്ച് പഠനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ക്രമീകരണം ചെയ്തിരിക്കുന്നത്. അമല്‍ജ്യോതിയില്‍ ബി.ടെക് പഠനം കഴിയുന്നവര്‍ക്ക് ജയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയില്‍ തുടര്‍ന്ന് മാസ്റ്റര്‍ ഓഫ് എഞ്ചിനീയറിംഗിന് ചേരുവാന്‍ സാധിക്കും. ബി.ടെക് കോഴ്‌സുകളായ കെമിക്കല്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് ജയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയില്‍ ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗില്‍ പഠനം തുടരുവാന്‍ സാധിക്കും. (2+2 പ്രോഗ്രാം). എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ട്യൂഷന്‍ ഫീസ് ഇളവുകളും ലഭ്യമാണ്.
എഞ്ചിനീയറിംഗ് (ബാച്ചിലേഴ്‌സ് & മാസ്റ്റേഴ്‌സ്) പഠനത്തിനുശേഷം രണ്ടുവര്‍ഷത്തെ സ്റ്റേ ബാക്കും ഉണ്ടാകും. അമല്‍ജ്യോതിയും ജയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള കരാര്‍ അനുസരിച്ച്, രണ്ട് സ്ഥാപനങ്ങളും ഒരുമിച്ച് പി.എച്ച്.ഡി. പ്രോഗ്രാമും നടത്തുവാന്‍ തീരുമാനമായിട്ടുണ്ട്.
ജയിംസ് കുക്ക് യൂണിവേഴ്‌സിറ്റിക്ക് ബ്രിസ്‌ബെയിന്‍, ടൗണ്‍സ്‌വില്‍, കെയിന്‍സ് എന്നീ സ്ഥലങ്ങളില്‍ ക്യാമ്പസുകളുണ്ട്. ഈ യൂണിവേഴ്‌സിറ്റിക്ക്, ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ 2024 റാങ്കിംഗില്‍ 351 – 400 ഉം ക്യൂഎസ്സ് റാങ്കിംഗില്‍ 415 റാങ്കുമുണ്ട്. 1961-ല്‍ ആരംഭിച്ച ഈ പബ്ലിക് യൂണിവേഴ്‌സിറ്റിക്ക് യങ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ (2020) 29-ാമത് സ്ഥാനം കിട്ടിയിട്ടുണ്ട്. അടുത്ത അക്കാദമിക് വര്‍ഷത്തില്‍ ധാരണപ്രകാരമുള്ള കോഴ്‌സുകള്‍ തുടങ്ങും. പ്രവേശനത്തിന് താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഡോ. മിനി മാത്യു (ഡീന്‍, ഇന്റര്‍നാഷണല്‍ ഡിവിഷന്‍), ഫോണ്‍: 9947653538.